സ്വന്തം ലേഖകൻ

ലണ്ടൻ : സർക്കാർ കണക്കുകളേക്കാൾ പതിനായിരത്തിൽ അധികം മരണങ്ങൾ ബ്രിട്ടനിൽ ഉണ്ടായെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 36,914 മരണങ്ങൾ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം 261,184. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകൾ പ്രകാരം, യുകെയിൽ കോവിഡ് -19 മരണങ്ങളുടെ എണ്ണം യഥാർത്ഥത്തിൽ 47,000 കടന്നു. മെയ് 15 വരെ ഇംഗ്ലണ്ടിലും വെയിൽസിലും 42,173 കോവിഡ് മരണങ്ങൾ ഉണ്ടായെന്നു കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്ലൻഡിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് 17വരെ അവിടെ 3,546 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒപ്പം നോർത്തേൺ അയർലണ്ടിൽ മെയ്‌ 20 വരെ 664 മരണങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 964 രോഗികൾ മെയ് 16നും 24നും ഇടയിൽ ഇംഗ്ലണ്ടിൽ മരണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ കോവിഡ് മരണങ്ങളിൽ യുകെ രണ്ടാം സ്ഥാനത്താണ്. രാജ്യങ്ങൾ തമ്മിലുള്ള മരണസംഖ്യ താരതമ്യം ചെയ്യുവാൻ മന്ത്രിമാർ താല്പര്യപ്പെടുന്നില്ല. ഓരോ രാജ്യങ്ങളും മരണങ്ങൾ വളരെ വ്യത്യസ്തമായി രേഖപ്പെടുത്തുന്നതിനാൽ അന്തർദ്ദേശീയ താരതമ്യങ്ങൾ ഈ ഘട്ടത്തിൽ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ലോക്ക്ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവിനെതിരെ വിമർശനങ്ങൾ ഉയർന്നുവരികയാണ്. എല്ലാ ജനങ്ങളോടും വീട്ടിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട ദിനങ്ങളിൽ ഡൊമിനിക് കമ്മിങ്സ് നടത്തിയ യാത്ര വലിയ വിവാദമായി മാറിയിരിക്കുന്നു. സ്വന്തം പാർട്ടിയിലെ ഒരു അംഗം തന്നെ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ സർക്കാരിനും സമ്മർദ്ദം ഏറുകയാണ്. ഈയൊരു സംഭവത്തെ തുടർന്ന് സ്കോട്ട്‌ലൻഡിലെ പാർലമെന്ററി അണ്ടർ സെക്രട്ടറിയും ടോറി വിപ്പും ആയ ഡഗ്ലസ് റോസ് ഇന്ന് രാജിവെച്ചു. ഡൊമിനിക്കിന്റെ യാത്രയെത്തുടർന്ന് പാർട്ടിയ്ക്കുള്ളിൽ തന്നെ സമ്മർദം ഏറിവരുന്നതിനാലാണ് 37കാരനായ റോസ് രാജിവെച്ചത്.

സർക്കാരിനുവേണ്ടിയുള്ള റോസിന്റെ സേവനത്തിനു പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി പറഞ്ഞു. എംപി മാന്യമായ കാര്യമാണ് ചെയ്തതെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. ഈ സർക്കാരിന്റെ അംഗമായി കൂടുതൽ സമയം തനിക്ക് സേവിക്കാൻ കഴിയില്ലെന്നാണ് ഫുട്ബോൾ റഫറി കൂടിയായ റോസ് അറിയിച്ചത്. “എനിക്ക് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന സംഭവങ്ങൾ അർത്ഥമാക്കുന്നത് ഈ സർക്കാരിൽ അംഗമായി പ്രവർത്തിക്കാനാവില്ല എന്നാണ്.” റോസ് പറഞ്ഞു. ഡൊമിനിക് കമ്മിങ്സിന്റെ രാജിയ്ക്കായി നാലു ഭാഗത്തുനിന്നും സമ്മർദം ഏറുകയാണെങ്കിലും പ്രധാനമന്ത്രി ഇപ്പോഴും തന്റെ വിശ്വസ്ത സഹായിക്ക് സംരക്ഷണം നൽകാനാണ് ശ്രമിക്കുന്നത്.