തമിഴ് വംശജനായ സതീഷ് ഗൗണ്ടറെ ഡീപോര്‍ട്ട് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ഹോം ഓഫീസ് പിന്‍മാറി. ഡോവറില്‍ ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ വിസ പുതുക്കുന്നതിലുണ്ടായ സാങ്കേതികപ്രശനമാണ് ഡീപോര്‍ട്ടേഷനിലേക്ക് നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ ഡോവറില്‍ നടന്ന കമ്യൂണിറ്റി ക്യാംപെയിന്‍ പ്രവാസി ചരിത്രത്തില്‍ ഇടംപിടിക്കുന്ന സംഭവമായി മാറി. സണ്‍ഡേ പീപ്പിളിനാണ് ഗൗണ്ടറുടെ ഡീപോര്‍ട്ടേഷന്‍ തടഞ്ഞതിനുള്ള എല്ലാ ക്രെഡിറ്റും നല്‍കേണ്ടതെന്ന് ലോക്കല്‍ എംപിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചാര്‍ലീ എല്‍ഫിക്ക് പറഞ്ഞു.

രണ്ടു വര്‍ഷമായി ഡോവറില്‍ ഫിസിയോതെറാപ്പി സ്ഥാപനം നടത്തി വരികയാണ് 65കാരനായ സതീഷ് ഗൗണ്ടര്‍. ഒരു അസിസ്റ്റന്‍ ഫിസിയോയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സതീഷിന് സ്ഥാപനം അടക്കേണ്ടി വന്നു. സതീഷിന് വര്‍ക്ക് വിസ പുതുക്കണമെങ്കില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരുന്നു. 50,000 പൗണ്ട് മുടക്കി ആരംഭിച്ച സ്ഥാപനം അടച്ചു പൂട്ടിയതോടെ തെരുവിലിറങ്ങേണ്ട അവസ്ഥയില്‍ പോലും സതീഷ് എത്തി. ഇതിനിടയിലും ഒരു ബ്രിട്ടീഷ് സൈനികന്റെ ശരീരം പകുതി തളര്‍ന്ന ഭാര്യക്ക് ഇദ്ദേഹം ചികിത്സ നല്‍കുന്നുണ്ടായിരുന്നു.

എംപിയായ എല്‍ഫിക്ക് ഹോം സെക്രട്ടറി സാജിദ് ജാവിദിന് സതീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കത്തയച്ചു. ഡോവറിലെ ഏക ഫിസിയോതെറാപ്പിസ്റ്റായ സതീഷിന്റെ കാര്യം പുനരവലോകനം ചെയ്യാമെന്ന് ഹോം സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തു. പുതിയ അപേക്ഷ നല്‍കാനുള്ള അവസരമാണ് ഇതിലൂടെ സതീഷിന് തുറന്നു കിട്ടിയത്. എങ്കിലും എംപിയുടെ കത്തില്‍ ഹോം സെക്രട്ടറി ആഴ്ചകളോളം നടപടിയെടുത്തില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ബ്രിട്ടനില്‍ എന്‍എച്ച്എസിലും സ്വകാര്യ മേഖലയിലുമായി 5000 ഫിസിയോതെറാപ്പിസ്റ്റുകളുടെ കുറവുണ്ടെന്നാണ് കണക്ക്. ഈ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് സതീഷിനെ ഡീപോര്‍ട്ട് ചെയ്യാന്‍ ഹോം ഓഫീസ് ശ്രമിച്ചത്.