ഡി.ടി.എച്ച്. ഉപഭോക്താക്കൾ മറ്റേതെങ്കിലും കമ്പനിയിലേക്കുമാറുമ്പോൾ ഇനി സെറ്റ് ടോപ് ബോക്സ് മാറ്റേണ്ടിവരില്ല. പുതിയ സാങ്കേതികവിദ്യയുള്ള സെറ്റ് ടോപ് ബോക്സ് ‘ട്രായ്’ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പരീക്ഷിച്ചുവരുകയാണ്. അടുത്തവർഷം ആദ്യംതന്നെ ഇവ വിപണിയിൽ ഇറക്കാനാണ് ആലോചന.

നിലവിൽ ഡി.ടി.എച്ച്. കമ്പനികൾ മാറുമ്പോൾ ഉപഭോക്താക്കൾ സെറ്റ് ടോപ് ബോക്സും മാറ്റേണ്ടിവരുന്ന സാഹചര്യമാണ്. ബോക്സിനുള്ള പണത്തിനുപുറമേ ഇതുഘടിപ്പിക്കാനുള്ള പണവും കമ്പനികൾ ഈടാക്കാറുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സെറ്റ് ടോപ് ബോക്സ് മാറേണ്ടിവരുമല്ലോ എന്നാലോചിച്ച് പലരും ഡി.ടി.എച്ച്. കമ്പനി മാറാൻ തയ്യാറാകാറില്ല. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ഡി.ടി.എച്ച്. കമ്പനികൾ പാടുപെടും. നല്ല ഓഫറുകൾ തരുന്ന കമ്പനികളിലേക്ക് ഉപഭോക്താക്കൾ മാറും.

കഴിഞ്ഞ ഒരുവർഷമായി ഇതിന്റെ നിർമാണം നടക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇതിന്റെ പ്രവർത്തനം പരീക്ഷിക്കുകയാണ് ‘ട്രായ്’ അധികാരികൾ. മൊബൈൽ ഫോണിൽ സിം കാർഡ് മാറ്റുന്നതുപോലെ ഇനി ഡി.ടി.എച്ച്. കമ്പനികളുടെ ചിപ് കാർഡുകൾ ഈ സെറ്റ് ടോപ് ബോക്സിൽ മാറിമാറി ഉപയോഗിക്കാൻകഴിയും. ടെലിവിഷൻ വാങ്ങുന്ന ഉപഭോക്താവിന് ഇത്തരത്തിലുള്ള സെറ്റ് ടോപ് ബോക്സും വാങ്ങാം. ഇഷ്ടമുള്ള ഡി.ടി.എച്ച്. കമ്പനി തിരഞ്ഞെടുക്കുകയുമാകാം. ഇതോടെ ഉപഭോക്താക്കളെ കണ്ടെത്താൻ ഡി.ടി.എച്ച്. കമ്പനികളുടെ മത്സരവും വർധിക്കും.