മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 17 മരണം. ഔറംഗാബാദ് – നാന്ദേഡ് പാതയിൽ കർമാഡിലാണ് ഇന്നു പുലർച്ചെ 5.15 ന് ദുരന്തമുണ്ടായത്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്നാണ് പ്രാഥമിക വിവരം. റെയിൽപാളത്തിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞു കയറുകയായിരുന്നു. ജൽന – ഔറംഗാബാദ് ട്രെയിനാണ് അപകടമുണ്ടാക്കിയത്.

ലോക്ഡൗണിനെ തുടർന്ന് മധ്യപ്രദേശിലേക്കു മടങ്ങുകയായിരുന്നു തൊഴിലാളികൾ. റെയിൽപാളം വഴി നടന്നുപോവുകയായിരുന്ന ഇവർ പാളത്തിൽത്തന്നെ കിടന്നുറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയത്. റെയിൽവേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങൾ പലപ്പോഴും റെയിൽപാളങ്ങൾ വഴിയാണ് സഞ്ചരിക്കുന്നത്.