ലോക്ക്ഡൗണിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ആദ്യ ട്രെയിൻ ഓടിത്തുടങ്ങി. “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” എന്ന് അറിയിച്ചിരിക്കുന്ന ട്രെയിൻ ഇന്ന് പുലർച്ചെ തെലങ്കാനയിൽ നിന്നാണ് ജാർഖണ്ഡിലേക്ക് പുറപ്പെട്ടത്.

1,200 തൊഴിലാളികളുമായി തെലങ്കാനയിലെ ലിംഗാംപള്ളിയിൽ നിന്നാണ് ജാർഖണ്ഡിലെ ഹതിയ ജില്ലയിലേക്ക് ട്രെയിൻ‌ യാത്ര നടത്തുന്നത്. ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ചാണ് ട്രെയിൻ‌ സർവീസ് നടത്തുന്നത്.

24 കോച്ചാണ് ട്രെയിനിലുള്ളത്. എന്നാൽ സാധാരണയായി 72 പേരെ ഉൾക്കൊള്ളുന്ന ഒരു കമ്പാർട്ടുമെന്റിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് 54 പേർ മാത്രമേ യാത്ര ചെയ്യുന്നുള്ളു എന്നാണ് വാർത്താ ഏജൻസിയായ പിടിഐ വ്യക്തമാക്കുന്നത്. തെലങ്കാന സർക്കാറിന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് “ഒറ്റത്തവണ പ്രത്യേക ട്രെയിൻ” അനുവദിച്ചതെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന അറിയിപ്പ്. ഇത് ഒറ്റത്തവണയുള്ള പ്രത്യേക ട്രെയിൻ മാത്രമായിരുന്നു. റെയിൽ‌വേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മാത്രമേ കൂടുതൽ ട്രെയിനുകൾ ആസൂത്രണം ചെയ്യുകയുള്ളൂ എന്നും അധികൃതർ‌ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മറ്റ് ആളുകൾക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രെയിനിൽ സർവീസ് നടത്തുന്നത്. കേന്ദ്രത്തിന്റെ ഉത്തരവിന് പിന്നാലെ പഞ്ചാബ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവയ്ക്ക് പുറമെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത സംസ്ഥാന തൊഴിലാളികൾ‌ക്കായി ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി അഞ്ച് ആഴ്ചകൾക്കുശേഷമാണ് രാജ്യത്ത് ഒരു പാസഞ്ചർ ട്രെയിൻ‌ സര്‍വീസ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.