ഭുവനേശ്വര്‍: എഞ്ചിന്‍ വേര്‍പെടുത്തിയ തീവണ്ടി യാത്രക്കാരുമായി സഞ്ചരിച്ചത് 10 കിലോമീറ്റര്‍. ഒഡീഷയിലെ തിത്ലഗഢ് സ്റ്റേഷനില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. നിരവധി യാത്രക്കാരുമായി സ്റ്റേഷനിലെത്തിയ തീവണ്ടിയുടെ എഞ്ചിന്‍ മാറ്റുന്നതിനിടയിലാണ് സംഭവം. എഞ്ചിന്‍ മാറ്റിയ സമയത്ത് സ്‌കിഡ് ബ്രേക്ക് നല്‍കാന്‍ ജീവനക്കാര്‍ മറന്നതോടെ തിവണ്ടി ട്രാക്കിലൂടെ മുന്നോട്ട് പോകുകയായിരുന്നു.

എന്‍ജിനില്‍ നിന്ന് വേര്‍പ്പെടുത്തുമ്പോള്‍ അഹമ്മദാബാദ് പുരി എകസ്പ്രസ്സ് ഭുവനേശ്വറില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള തിത്ലഗഢ് സ്റ്റേഷനിലായിരുന്നു. തിത്ലഗഢില്‍ നിന്ന് കേസിംഗയിലേക്കുള്ള റെയില്‍വേ പാളത്തിന് ചെരിവുണ്ട്. ഇതാണ് എന്‍ജിനില്ലാതെ 10 കിലോമീറ്ററോളം തീവണ്ടിയോടാന്‍ കാരണം.

സംഭവത്തില്‍ രണ്ട് ജീവനക്കാരെ റെയില്‍വേ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഗുരുതര സുരക്ഷ വീഴ്ച്ചയെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ അറിയിച്ചു. തീവണ്ടി ഓടുന്നത് തടയാന്‍ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.