ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 3 മലയാളികളും; ക്യാപ്റ്റൻ കൊച്ചി സ്വദേശി ഡിജോ പാപ്പച്ചൻ

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 3 മലയാളികളും; ക്യാപ്റ്റൻ കൊച്ചി  സ്വദേശി  ഡിജോ  പാപ്പച്ചൻ
July 21 08:59 2019 Print This Article

വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിൽ മലയാളികളും. കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരിൽ ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു പേർ മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം സ്വദേശികളാണ് ഇവർ. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നാണു വിവരം.

കപ്പലിലുള്ള കളമശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പൽ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. രണ്ടു ദിവസം മുൻപു വരെ ഡിജോയുമായി ബന്ധപ്പെടാൻ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുമാസം മുൻപാണു ഡിജോ ഈ കപ്പലില്‍ ജോലിക്ക് കയറിയത്. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം.

ഹോർമുസ് കടലിടുക്കിൽ വച്ചാണ് 18 ഇന്ത്യക്കാർ ഉൾപ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലിൽനിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചനം ആവശ്യപ്പെട്ട് ഇറാനു കത്ത് നൽകിയിട്ടുണ്ട്. കപ്പലിലെ മറ്റു 3 പേർ റഷ്യക്കാരും ഓരോരുത്തർ ലാത്വിയ, ഫിലിപ്പീൻസ് സ്വദേശികളുമാണെന്നാണു വിവരം.


സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബൾക് ബ്രിട്ടനിൽ റജിസ്റ്റർ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പൽ വെള്ളിയാഴ്ചയാണ് ഇറാൻ സേനാവിഭാഗമായ റവല്യൂഷനറി ഗാർഡ്സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ചാണു നടപടി. സ്പീഡ് ബോട്ടുകളിലെത്തി കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാർഡ്സ് പുറത്തുവിട്ടു.

മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാൻ പറയുന്നത്. എന്നാൽ സൗദിയിലേക്കു പോകുമ്പോൾ മുന്നറിയിപ്പില്ലാതെ 4 ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്നു വളയുകയായിരുന്നെന്നു കപ്പൽ കമ്പനിയുടമകൾ ആരോപിച്ചു. മുൻപ് തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്നും ഇറാൻ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles