കാട്! ജീവസ്സുറ്റ ശുദ്ധവായുവും നിറഞ്ഞ ശാന്തതയും വശ്യമായ കുളിര്‍മയുംകൊണ്ട് നമ്മെ ഹരംപിടിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവിടെ കാണുന്ന കാഴ്ചകള്‍ മറ്റൊരിടത്തും കാണാനും അറിയാനും കഴിയില്ല. അതിനാല്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും കാടു കണ്ടിരിക്കണം, ആ സൗന്ദര്യം ആസ്വദിച്ചിരിക്കണം. പക്ഷേ, ആ യാത്ര ഒരിക്കലും അതിനെ നശിപ്പിക്കാനാകരുത്. വനം എന്താണെന്നും അവിടേക്ക് എങ്ങനെയാണ് കയറേണ്ടതെന്നും മനസ്സിലാക്കിയതിനുശേഷം മാത്രമേ പ്രവേശിക്കാവൂ. അത്തരത്തിലൊരു യാത്രയിലേക്കാണ് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. കര്‍ണാടകയിലെ നാഗര്‍ഹൊളെ വനത്തിലേക്ക്.
Image may contain: tree, plant, sky, outdoor and nature
വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ ഒരു യാത്രയില്‍ മനസ്സില്‍ ഉടക്കിയ കാഴ്ചയായിരുന്നു കൊടുംവനത്തിന് നടുവിലെ കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്റിന്റെ ജംഗ്ള്‍ ലോഡ്ജ്. വൃക്ഷങ്ങള്‍ക്കിടയില്‍ ഒരു പച്ചക്കുതിരയെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന കാട്ടിനുള്ളിലെ അതി മനോഹരമായ കെട്ടിടം. ഒരുനാള്‍ ആ പച്ചവിരിപ്പിന്റെ മാറത്തെ കുടിലില്‍ ചാഞ്ഞുകൊണ്ട് കാനനഭംഗി ആസ്വദിക്കണമെന്നും അഗാധമായ ഇരുട്ടിന്റെ മറവില്‍ മുറവിളി കൂട്ടുന്ന ചീവീടുകള്‍ക്ക് കൂട്ടായി ഇവിടെ അന്തിയുറങ്ങണമെന്നും അന്നേ മനസ്സില്‍ കുറിച്ചിരുന്നു. അങ്ങനെയിരിക്കെ ആ ആഗ്രഹസാഫല്യത്തിന് വഴിയൊരുങ്ങി. കര്‍ണാടകയിലെ ഒരു സുഹൃത്തിന്റെ സഹായത്താല്‍ അത് നേടിയെടുത്തു എന്നുപറയാം. ഒരു ശനിയാഴ്ച രാവിലെ തൃശൂരില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ വയനാട് ചുരവും കയറി സന്ധ്യ മയങ്ങിയപ്പോള്‍ കേരള അതിര്‍ത്തിയും പിന്നിട്ട് കര്‍ണാടകയിലെ നാഗര്‍ഹോളെ വനത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
കബനിയുടെ കൈവഴിയായ ഒരു നദിയുടെ പേരാണ് നാഗര്‍ഹോളെ. നാഗ് എന്നാല്‍ പാമ്പ് എന്നും ഹോളെ എന്നാല്‍ അരുവി എന്നുമാണ് അര്‍ഥം. പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന അരുവിയാണ് നാഗര്‍ഹോളെ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മൈസൂര്‍ രാജാക്കന്മാരുടെ നായാട്ടു കേന്ദ്രമായിരുന്നു ഇവിടം. അധികം താമസിയാതെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് മുന്നില്‍ എത്തി. ഇവിടന്നങ്ങോട്ട് നിബിഡ വനമാണ്. നാഗര്‍ഹോളെയുടെ വശ്യത മുഴുവന്‍ ഒളിച്ചിരിക്കുന്നത് ഈ വനാന്തരങ്ങളിലാണ്. താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ജംഗ്ള്‍ ലോഡ്ജില്‍ എത്തണമെങ്കില്‍ ഉള്‍വനത്തിലൂടെ കുറച്ചുദൂരം അകത്തേക്ക് സഞ്ചരിക്കണം.
എന്തായാലും ചെക്ക്പോസ്റ്റില്‍ വിവരങ്ങള്‍ നല്‍കിയശേഷം ധൈര്യപൂര്‍വം വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് കാറിന്റെ പിന്‍സീറ്റിലിരുന്ന ചങ്ങാതിയുടെ ചോദ്യം: ”കുറെ വര്‍ഷങ്ങളായി കാടുകളെല്ലാം കയറിയിറങ്ങുന്നു. ഇന്നുവരെ ഒരു വന്യജീവിയും ആക്രമിക്കാന്‍ വന്നിട്ടില്ലേ?”
വര്‍ഷങ്ങള്‍ക്കുമുമ്പ് കാട് എന്താണെന്ന് അറിയുന്നതിനുംമുമ്പ് എന്‍.എ. നസീറിനെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ചോദിച്ച അതേ ചോദ്യം. അദ്ദേഹം അന്ന് എനിക്ക് തന്ന മറുപടിതന്നെ ഞാനും പറഞ്ഞു: ”ഞാന്‍ ഇന്നുവരെ ഒരു വന്യജീവിയെയും അങ്ങോട്ട് ആക്രമിക്കാന്‍ പോയിട്ടില്ല, അതുകൊണ്ട് അവ എന്നെയും ഇതുവരെ ആക്രമിച്ചിട്ടില്ല.” ഈ സംഭാഷണത്തിനിടയില്‍ പെട്ടെന്നാണ് കാട്ടിനുള്ളില്‍ ഒരനക്കം കേട്ടത്. ഒരുപറ്റം കാട്ടുപോത്തുകള്‍. സന്ധ്യയുടെ ചുവപ്പിലും സൂര്യന്റെ മങ്ങിത്തുടങ്ങിയ പ്രകാശത്തിലും അവയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
Image may contain: tree, plant, grass, outdoor and nature
കുറച്ചുദൂരംകൂടി പിന്നിട്ടുകഴിഞ്ഞപ്പോള്‍ വര്‍ഷങ്ങളായി സ്വപ്നംകണ്ട ആ കൂടാരത്തിനു മുന്നിലെത്തി. നല്ല തണുത്ത അന്തരീക്ഷം. രാത്രിയായതിനാല്‍ കാഴ്ചകളെല്ലാംതന്നെ ഇരുട്ടിന് അടിമപ്പെട്ടിരുന്നു. റൂമില്‍ കയറി ഫ്രഷായി കുറച്ചുനേരം പുറത്തു തീര്‍ത്തിരിക്കുന്ന ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ഒരുങ്ങിയതും അവിടത്തെ ഒരു ഉദ്യോഗസ്ഥന്‍ വന്ന് തമിഴും കന്നടയും കൂട്ടിക്കലര്‍ത്തി എന്തൊക്കെയോ പറഞ്ഞു. കേട്ടത് പാതിയും മനസ്സിലായില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായി. വന്യജീവികള്‍ വിഹരിക്കുന്ന സ്ഥലമായതിനാല്‍ രാത്രി ഇവിടെ ഇരിക്കാന്‍ പാടില്ലെന്നായിരുന്നു. എന്തായാലും പിറ്റേന്ന് കാണാന്‍ പോകുന്ന ആ സുന്ദര കാഴ്ചകള്‍ സ്വപ്നംകണ്ട് അധികം വൈകാതെ നിദ്രയിലാണ്ടു.
പ്രഭാതത്തില്‍ എപ്പോഴോ കേട്ടുമറന്ന ഒരു ശബ്ദം കാതുകളില്‍ മുഴങ്ങി. മനസ്സില്‍ ആഹ്ലാദം തുടികൊട്ടി. എന്താണെന്ന് ചിന്തിച്ചു. അത് മറ്റൊന്നുമല്ല, മയിലുകള്‍തന്നെ. ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷികളില്‍ ഒന്നാണ് മയില്‍. മസിനഗുഡിയില്‍ മയിലുകള്‍ ഉയരമുള്ള മരത്തിനു മുകളിലിരുന്ന് ഉറങ്ങുന്നതും ടോപ് സ്ലിപ്പില്‍ കൂട്ടംകൂട്ടമായി വന്ന് പീലിവിടര്‍ത്തി നൃത്തമാടുന്നതുമൊക്കെ മനസ്സില്‍ ഫ്ളാഷ്ബാക്കായി തെളിഞ്ഞു. ഉറക്കത്തിന് തല്‍ക്കാലം ഗുഡ്ബൈ പറഞ്ഞ് ആ തണുത്ത പ്രഭാതത്തില്‍ കാമറയും എടുത്ത് പുറത്തേക്കിറങ്ങി.
Image may contain: bird, outdoor and nature
മിന്നിത്തിളങ്ങുന്ന കഴുത്തും പൂചൂടിയ ശിരസ്സും പീലിചൂടിയ വാലുംകൊണ്ട് എന്നെ കണ്ട മാത്രയില്‍ അത് പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു. എന്തായാലും ആ പരുക്കന്‍ ശബ്ദം എന്നെ വിളിച്ചുണര്‍ത്തിയത് വേറൊരു കാഴ്ച കാണിക്കാനായിരുന്നു. ഗെസ്റ്റ് ഹൗസിന് മുന്നിലൂടെ റോഡിലേക്കിറങ്ങിയതും റോഡിന് ഇടതുവശത്തായി അനേകം മാനുകള്‍. ഇവരുടെ ‘സംസ്ഥാന സമ്മേളനം’ വല്ലതും നടക്കുന്നുവോ എന്ന് തോന്നിപ്പോയി. കാമറയുമായി എന്നെ കണ്ടിട്ടും ഒരു കൂസലുമില്ലാതെ അവ യഥേഷ്ടം മേയുകയാണ്.
Image may contain: grass, tree, outdoor and nature
ആ കാഴ്ച ആസ്വദിച്ചും ആ സുന്ദരനിമിഷങ്ങളെ കാമറയില്‍ പകര്‍ത്തിയും അവിടെ തീര്‍ത്തിരുന്ന ഇരിപ്പിടങ്ങളില്‍ ഞാന്‍ കുറച്ചുനേരം ഇരുന്നു. കോടമഞ്ഞിന്റെ നേര്‍ത്ത പുകപടലം അന്തരീക്ഷത്തില്‍ അലിഞ്ഞുകിടപ്പുണ്ട്. ശീതക്കാറ്റ് വൃക്ഷത്തലപ്പുകളെ സംഗീതസാന്ദ്രമാക്കുന്നുണ്ട്. ഒരു ധ്യാനത്തിന്റെ സാക്ഷാത്കാര നിമിഷം ഇതാ അടുത്തെത്തിയിരിക്കുന്നു. തണുപ്പ് അകലുന്നതും കോടമഞ്ഞ് ഘനീഭവിക്കുന്നതും കാത്ത് ഞാന്‍ അവിടെത്തന്നെ ഇരുന്നു. നമ്മള്‍ മലയാളികള്‍ അധികം എത്താത്തതിനാലാണോ ഈ വനഭൂമി ഇത്ര പവിത്രമായി കിടക്കുന്നതെന്ന് അറിയാതെ മനസ്സില്‍ ഓര്‍ത്തുപോയി. അല്‍പം കഴിഞ്ഞ് കോടമഞ്ഞ് പിന്‍വാങ്ങിയപ്പോള്‍ ഞാനും തിരിച്ച് റൂമിലേക്ക് നടന്നു.
Image may contain: plant, tree, outdoor, water and nature
ഫ്രഷായി പ്രഭാതഭക്ഷണത്തിനു ശേഷം അവിടെ ഒരുക്കിയിരിക്കുന്ന ട്രക്കിങ്ങിനായി ഞങ്ങള്‍ തയാറെടുത്തു. നിര്‍ഭാഗ്യകരം എന്നു പറയട്ടെ, മഴക്കാലമായതിനാല്‍ അന്നു മുതല്‍ കുറച്ചു ദിവസത്തേക്ക് ട്രക്കിങ് നിര്‍ത്തിവെച്ചിരുന്നു. അങ്ങനെ നിരാശനായിനിന്ന ഞങ്ങള്‍ക്ക് മുന്നില്‍ പ്രകൃതി വേറൊരു കാഴ്ച സമ്മാനിച്ചു.
റോഡിന് മറുവശത്തായി ഒരുപറ്റം ചെന്നായ്ക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ഈ വശത്തു നില്‍ക്കുന്ന മാന്‍കൂട്ടത്തെ അവ വീക്ഷിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. റോഡിന് ഒരു വശത്ത് മാന്‍കൂട്ടം, മറുവശത്ത് ചെന്നായ്ക്കൂട്ടം. ഏതുനിമിഷവും ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടാം. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാന്‍കൂട്ടം ഇപ്പുറത്തേക്കോ ചെന്നായ്ക്കൂട്ടം അപ്പുറത്തേക്കോ പോകുന്നില്ല. അക്ഷമരായ ഞങ്ങള്‍ നാഗര്‍ഹോളെ വനത്തിന്റെ വന്യത ആസ്വദിക്കാന്‍ കാട്ടിനുള്ളിലൂടെ ഹുന്‍സൂര്‍ വരെ ഡ്രൈവ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ അധികം ചക്രങ്ങള്‍ ഉരുളാത്ത ആ കുഞ്ഞുവഴിയിലൂടെ ഞങ്ങളുടെ വാഹനം നീങ്ങിത്തുടങ്ങി.
രാത്രിമഴയുടെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങിയ വഴിലൂടെ ഒരുപാട് ദൂരം പിന്നിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. അതാ കാടിനകത്തേക്ക് സൂര്യപ്രകാശം കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. തണുപ്പിന്റെ തീവ്രതകൊണ്ടും മയക്കത്തിന്റെ മതിവരായ്മകൊണ്ടും ഉറക്കമുണരാത്ത പുല്‍ത്തകിടികളെ സൂര്യന്‍ തട്ടിയുണര്‍ത്തുകയാണ്. വിജനമായ വഴിയില്‍ കാടിന്റെ ഗന്ധവും സൗന്ദര്യവും ഉണര്‍ത്താന്‍ ആ സൂര്യപ്രഭ വളരെ പാടുപെടുകയാണ്. ഇതെല്ലാം ആസ്വദിച്ച് കാടിന്റെ മനോഹാരിത നുകര്‍ന്നുകൊണ്ട് യാത്രതുടര്‍ന്നു.
വഴിയില്‍ ഞങ്ങള്‍ക്കെതിരെ കുറച്ചകലെയായി ഒരു വാഹനം കണ്ടു. ഞങ്ങളെ കണ്ടമാത്രയില്‍ തന്നെ അവര്‍ അവിടെനിന്ന് ലൈറ്റടിച്ചു കാണിച്ചു. എന്തോ അപകടമാണ്, ഞങ്ങളുടെ വണ്ടി നിര്‍ത്താനാണ് ആ ലൈറ്റിന്റെ ഉദ്ദേശ്യം. എല്ലാവരും ഒന്നു ഭയന്നു. കാരണം കാടിനകത്ത് എവിടെയാണ് ഒറ്റയാന്‍ പതുങ്ങിയിരിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. പെട്ടെന്നാണ് ആ ഭയത്തിന് വിരാമമിട്ട് ഒരുകൂട്ടം മാനുകള്‍ റോഡിലേക്കിറങ്ങിയത്. റോഡ് മുറിച്ചുകടക്കാനുള്ള തത്രപ്പാടിലാണ് അവ. റോഡിനിരുവശവും വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം പതുക്കെ റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങി.
പുള്ളികളാല്‍ നെയ്ത യൂനിഫോം അണിഞ്ഞ് സ്കൂള്‍ വിട്ട് കുട്ടികള്‍ റോഡ് ക്രോസ്ചെയ്യുന്നതുപോലെ ആയിരുന്നു അവരുടെ പോക്കും. അവരുടെ യാത്രാസൗകര്യത്തിനായി ഞങ്ങള്‍തന്നെ അല്‍പസമയം കാട്ടിലെ ട്രാഫിക് പൊലീസിന്റെ റോള്‍ ഏറ്റെടുത്തു. വളരെ ഒതുക്കത്തോടെയും അച്ചടക്കത്തോടെയും കുണുങ്ങിക്കുണുങ്ങി ഓരോ മാന്‍കിടാവും തന്റെ പാതയിലൂടെ പോകുന്ന കാഴ്ച എത്രയേറെ മനോഹരമാണെന്ന് കണ്ടറിയുകതന്നെ വേണം. 300 മാനുകളെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്തായാലും അവസാനം അവയെല്ലാം പോയിത്തീര്‍ന്നു എന്ന് ഉറപ്പുവരുത്തിയശേഷം വണ്ടി മുന്നോട്ടെടുത്തു.
അല്‍പം ദൂരംകൂടി പിന്നിട്ടപ്പോള്‍ മണ്ണില്‍ പണിത ഒരു പുല്‍ക്കൂടാരം ശ്രദ്ധയില്‍പെട്ടു. അവിടത്തെ കാട്ടുമക്കളുടെ വീടാണ് അത്. കണ്ടാല്‍ ഒരു കളിവീട് പോലുണ്ട്. നാലുപാടും മണ്ണിനാല്‍ മേഞ്ഞെടുത്ത ചുവരുകള്‍ക്ക് മുകളില്‍ ഒരു ഓലക്കുട നിവര്‍ത്തിവെച്ചതുപോലെ. വീടിന് മുറ്റത്തും പലയിടങ്ങളിലും കുട്ടികള്‍ ഓടിക്കളിക്കുന്നു. മണ്ണിലും മരത്തിലും എല്ലാം അവര്‍ തങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ കുട്ടികള്‍ അവരുടെ കൈവിരലുകള്‍ സ്മാര്‍ട്ട്ഫോണിലും ടാബിലും ഒക്കെയാണല്ലോ പതിപ്പിക്കുന്നതെന്ന് അറിയാതെ ഓര്‍ത്തുപോയി.
കാടിന്റെ മടിത്തട്ടില്‍ കിനിഞ്ഞുനില്‍ക്കുന്ന തേനും നെല്ലിക്കയും കാട്ടുവള്ളിയിലെ കിഴങ്ങും സര്‍പ്പഗന്ധിയും ഒക്കെ ഇവരുടെ ജീവിതമാര്‍ഗങ്ങളാണ്. എന്തായാലും കാനനക്കാഴ്ചകള്‍ നീളുകയാണ്. ഏകദേശം 50 കിലോ മീറ്റര്‍ പിന്നിട്ടപ്പോഴേക്കും കാട് അവസാനിച്ച് ഉച്ചയോടുകൂടി ഹുന്‍സൂര്‍ എന്ന ചെറുപട്ടണത്തില്‍ എത്തിയിരുന്നു. വിശപ്പിന്റെ വിളി വന്നിരുന്നതിനാല്‍ ഭക്ഷണം കഴിച്ചിട്ടാകാം ബാക്കി യാത്ര എന്ന് തീരുമാനിച്ചു. നാഗര്‍ഹോളെ വനത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍വേണ്ടി മാത്രമുള്ളതായിരുന്നു ഈ യാത്ര. അതുകൊണ്ടുതന്നെ ഭക്ഷണത്തിനുശേഷം അല്‍പം വിശ്രമത്തിനൊടുവില്‍ വന്നവഴിക്കുതന്നെ തിരിച്ചുവിട്ടു.
വീണ്ടും മാനുകളെ കണ്ടുതുടങ്ങി. കാടിന്റെ ഉള്‍ത്തട്ടിലേക്ക് എന്നും വലിയാന്‍ ഭയപ്പെട്ടിരുന്ന മാനുകള്‍ റോഡിനിരുവശങ്ങളിലുമായി നിര്‍ഭയരായി മേയുകയാണ്. ആ മാന്‍കൂട്ടത്തിലും വൃക്ഷങ്ങള്‍ക്കിടയിലുമെല്ലാം ഞങ്ങള്‍ തേടിയത് കാട്ടിലെ വലിയ മൃഗത്തെ തന്നെയായിരുന്നു. കാരണം, കാട്ടില്‍ ഭക്ഷണത്തിനുവേണ്ടി ഇവ ദിവസവും 30 മുതല്‍ 50 നാഴിക വരെ നടക്കുന്നു. ആ നടപ്പ് ചിലപ്പോള്‍ ഞങ്ങളുടെ മുന്നിലും എത്തിപ്പെടാം. കാട്ടുപോത്ത്, മാനുകള്‍, മലയണ്ണാന്‍, പരുന്ത്, മൂങ്ങ, ചെന്നായ്, മ്ലാവ് തുടങ്ങിയവയെയെല്ലാം കണ്ട് ആസ്വദിച്ച ആ വനയാത്ര ഒടുവില്‍ സന്ധ്യയോടെ ചെക്ക്പോസ്റ്റിന് മുന്നില്‍ തിരിച്ചെത്തി. മൃഗങ്ങളെയൊക്കെ കണ്ടോ എന്ന് ചെക്ക്പോസ്റ്റിലെ ജീവനക്കാരന്‍ ഞങ്ങളോട് അന്വേഷിച്ചു. ധാരാളമായി കണ്ടു. പക്ഷേ, ആനയെ മാത്രം കണ്ടില്ലെന്ന് വളരെ നിരാശയോടെ മറുപടി പറഞ്ഞു.
അപ്പോഴാണ് പുള്ളിക്കാരന്റെ പേടിപ്പിക്കുന്ന ഒരുപദേശം. ഇവിടങ്ങളില്‍ കുറച്ചു ദിവസങ്ങളായി സന്ധ്യയാകുമ്പോള്‍ ഒരു ഒറ്റക്കൊമ്പന്‍ ഇറങ്ങുന്നുണ്ട്. കുറച്ച് അപകടകാരിയാണ്. നാട്ടില്‍ ഇറങ്ങി വിളകളൊക്കെ നശിപ്പിക്കുന്നു. അതിനാല്‍ രാത്രി ഇപ്പോ ആരും പുറത്തിറങ്ങാറില്ല. അതുകൊണ്ട് അവന്റെ മുന്നില്‍ പെടാതെ സൂക്ഷിച്ച് പോകണം. അതുവരെ ഞങ്ങളെ നിരാശരാക്കിയതെന്താണോ അത് ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. കൂരാക്കൂരിരുട്ടിലൂടെ പതുക്കെ വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഒരു വളവുവളഞ്ഞതും അതാ നില്‍ക്കുന്നു റോഡിനെ കുറുകെ ആ ഒറ്റക്കൊമ്പന്‍, എല്ലാവരുടെയും ഉള്ളില്‍ ഭയം വന്നുനിറഞ്ഞു. അവന്റെ ആടിയാടിയുള്ള നില്‍പും ചീവീടുകളുടെ പേടിപ്പിക്കുന്ന ശബ്ദവും എല്ലാം ഞങ്ങളെ വല്ലാതെ ഭീതിയുടെ നിഴലില്‍ ആഴ്ത്തി. വണ്ടിയുടെ പ്രകാശം കണ്ടിട്ടും അവന്‍ മാറാനുള്ള ഒരു തയാറെടുപ്പുമില്ല. ഹോണടിക്കാനും ലൈറ്റ് അടിച്ചുകാണിക്കാനും ഒക്കെ പിറകിലിരുന്ന ചങ്ങാതിമാര്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ അതിന് തയാറായില്ല. സമാധാനപരമായി നില്‍ക്കുന്ന അവനെ ഒരുരീതിയിലും പ്രകോപിപ്പിക്കാന്‍ ഞാന്‍ തയാറായില്ല. 30 മിനിറ്റ് കാത്തിരിപ്പിനൊടുവില്‍ അവന്‍ ഞങ്ങള്‍ക്ക് വഴിമാറി. റോഡിനരികിലേക്ക് നിന്നു. അപ്പോള്‍ പതുക്കെ വണ്ടി മുന്നോട്ടെടുത്ത് അവനടുത്ത് എത്തുമ്പോഴേക്കും ഞങ്ങളെ ഒരുനോട്ടം നോക്കി. ആ നോട്ടത്തില്‍ എന്തൊക്കെയോ അര്‍ഥമുള്ളതുപോലെ മനസ്സില്‍ തോന്നി. എന്തായാലും ഞങ്ങളെ ഉപദ്രവിക്കാതെ കടത്തിവിട്ടു.
അങ്ങനെ നാഗര്‍ഹോളെയോട് യാത്രപറഞ്ഞ് ഞങ്ങള്‍ വയനാടന്‍ ചുരം ഇറങ്ങാന്‍ തുടങ്ങി.
കടപ്പാട് : Sabari Varkala / Sabari The Traveler/ Trip advisor