ത്രിപുരയില്‍ നടന്ന തെരെഞ്ഞടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നയിച്ച പ്രചരണം ഫലം കണ്ടില്ലെന്നാണ് പുതിയ ഫലം സൂചിപ്പിക്കുന്നത്. ഒരു സീറ്റില്‍ പോലും മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് ആയില്ല. ത്രിപുരയില്‍ ചരിത്രത്തിലെ തന്നെ വലിയ പരാജയങ്ങളിലൊന്ന് ഏറ്റുവാങ്ങുകയാണ് കോണ്‍ഗ്രസ്. അതേസമയം തെരെഞ്ഞടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും അതി ശക്തമായ മുന്നേറ്റം നടത്തുകയാണ് ബിജെപി. മോദി തരംഗം തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടിത്തരുമെന്ന നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.

ഒരു ഘട്ടത്തില്‍ സിപിഎം ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ച ത്രിപുരയില്‍ പക്ഷെ അന്തിമ ഫലങ്ങള്‍ പുറത്തു വന്നികൊണ്ടിരിക്കുമ്പോള്‍ ബിജെപിക്ക് വലിയ മുന്‍തൂക്കമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ ശതമാനം വോട്ടുകളും കരസ്ഥമാക്കിയിരിക്കുന്നത് ബിജെപിയാണ്. ത്രിപുരയില്‍ 39 സീറ്റുകളില്‍ ബി.ജെ.പി മുന്നേറുമ്പോള്‍ 20 സീറ്റുകളില്‍ മാത്രമായി സി.പി.ഐ.എം ചുരുങ്ങി. പൂജ്യം സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.

ചരിത്രത്തിലാദ്യമായാണ് സിപിഎം ബിജെപി പോരാട്ടത്തിന് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. അട്ടിമറി വിജയം സ്വന്തമാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതേസമയം മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബി.ജെ.പിയെ കോണ്‍ഗ്രസ് പിന്നിലാക്കി. നാഗാലാന്‍ഡില്‍ 25 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുമ്പോള്‍ എന്‍.പി.എഫ് 29 സീറ്റുമായി അധികാരത്തിലേക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.