ത്രിപുരയില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞ് ബിജെപിക്ക് നിയമസഭാപ്രവേശം; ഒപ്പം പാര്‍ട്ടിക്ക് ചുവപ്പുകോട്ടയില്‍ അധികാരത്തിലേക്കുള്ള വാതിലും തുറക്കുന്നു. അറുപതംഗ നിയമസഭയില്‍ ലഭ്യമായ ലീഡ് നില അനുസരിച്ച് ബിജെപി സഖ്യം നാല്‍പ്പത്തിമൂന്നുസീറ്റില്‍ മുന്നിലാണ്. പതിനഞ്ചുമണ്ഡലങ്ങളില്‍ മാത്രമേ സിപിഎമ്മിന് ലീഡുള്ളു. ഗോത്രവര്‍ഗപാര്‍ട്ടിയായ ഐപിഎഫ്ടിയെ ഒപ്പം നിര്‍ത്തിയാണ് ബിജെപി ത്രിപുര പിടിച്ചത്. ഇതോടെ രാജ്യത്ത് ഇടതുപക്ഷത്തിന് അധികാരമുള്ള ഏകസംസ്ഥാനം കേരളമായി.

നാഗാലാന്‍ഡില്‍ എന്‍ഡിഎപിപി–ബിജെപി സഖ്യം ലീഡ് നിലയില്‍ കേവലഭൂരിപക്ഷം ഉറപ്പിച്ചു. മുപ്പത് മണ്ഡലങ്ങളില്‍ അവര്‍ മുന്നിലാണ്. എന്‍പിഎഫിന് 24 സീറ്റില്‍ ലീഡുണ്ട്. മറ്റുള്ളവര്‍ക്ക് അഞ്ചിടത്തും. മേഘാലയയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അറുപതംഗസഭയില്‍ ഇരുപത്തൊന്നിടത്ത് കോണ്‍ഗ്രസ് മുന്നിലാണ്. എന്‍പിപിയ്ക്ക് ഒന്‍പതിടത്തും ബിജെപിക്ക് എട്ട് സീറ്റിലും ലീഡുണ്ട്. പന്ത്രണ്ടുസീറ്റില്‍ മുന്നിട്ടുനില്‍ക്കുന്ന മറ്റ് കക്ഷികളുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.

ഒന്നുമില്ലായ്മയില്‍ നിന്നാണ് ബിജെപി ത്രിപുരയില്‍ ഭരണത്തിലേക്ക് കുതിച്ചുകയറിയത്. നാഗാലന്‍ഡിലും ഭരണമുറപ്പിച്ച ബി.ജെ.പി മേഘാലയയിലും അധികാരത്തിലേറാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ത്രിപുരയില്‍ സംസ്ഥാനഅധ്യക്ഷന്‍ ബിപ് ലാബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയാകും. മൂന്നുസംസ്ഥാനങ്ങളിലും അധികാരത്തിലേറുന്നതോടെ വടക്കുകിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിയുടെ സ്വാധീനം സമ്പൂര്‍ണമാകും.

താമര ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ചാണ് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ നിയസഭയിലെത്തിയത്. അമിത്ഷാ പയറ്റി വിജയിപ്പിച്ച തന്ത്രവും ഇതുതന്നെ. മണ്ഡലത്തിന് പരിജിതമായ മുഖങ്ങളെ മറ്റുപാര്‍ട്ടികളില്‍ നിന്ന് അടര്‍ത്തിമാറ്റിയ തന്ത്രം ഒടുവില്‍ വിജയം കണ്ടു. ഗോത്രവര്‍ഗ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്താനായതോടെ ഫലം പ്രതീക്ഷയ്ക്കും അപ്പുറമായി. ത്രിപുരയില്‍വിജയമുറപ്പിച്ച ശേഷമാണ് ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തിയത്. മൂന്നു സംസ്ഥാനങ്ങളിലും ഭരണത്തിലേറിയാല്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 21 ആകും.

നാഗാലന്‍ഡില്‍ ഭരണമുറപ്പിച്ചെങ്കിലും സ‍ര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വൈകേണ്ടെന്നാണ് അമിത്ഷായുടെ നിര്‍ദേശം. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് മണിപ്പൂരിലും ഗോവയിലും അധികാരത്തിലേറിയ അടവുനയത്തിലൂടെ മേഘാലയയിലും കാവിക്കൊടി പാറിക്കാനാണ് ബി.ജെ.പിയുടെ നീക്കം. അമിത്ഷായുടെ നിര്‍ദേശപ്രകാരം പ്രാരംഭ ചര്‍ച്ചകള്‍ക്കായി അസം ധനമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ പ്രത്യേക വിമാനത്തില്‍ ഷില്ലോങിലേക്ക് തിരിച്ചു.