തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാജ്യാന്തര ട്വന്റി-20 മത്സരം നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ ട്വന്റി-20 മത്സരം നടത്താൻ ബിസിസിഐയാണ് തിരുമാനിച്ചത്. കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയ പിച്ചിന് ഐസിസി അംഗീകാരം ലഭിച്ചതോടെയാണ് ഒരു രാജ്യാന്തര മത്സരം നടത്താൻ​ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ, കൊച്ചിക്കു പിന്നാലെ കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മൽസരം നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീൻഫീൽഡ് മാറും. ഡിസംബർ 20ന് ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ മത്സരം.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം സജ്ജമാണെന്നാണ് ബി സി സിഐയുടെ വിലയിരുത്തല്‍. പിച്ച് വിലയിരുത്താന്‍ എത്തിയ ബിസിസിഐ സംഘം നിലവിലെ സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐ സി സി മാനദണ്ഡങ്ങള്‍ പ്രകാരം തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുടെയും, ക്യാമറകള്‍, സ്‌ക്രീനുകള്‍ എന്നിവയ്ക്കും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.

ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് മൽസരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചു. എന്നാൽ ട്വന്റി20 മൽസരം നടത്താനാണ് അനുമതി ലഭിച്ചത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെ 23 രാജ്യാന്തര മൽസരങ്ങളാണ് ടീം ഇന്ത്യ നാട്ടിൽ കളിക്കുന്നത്.

ഇതാദ്യമായാണ് കേരളത്തില്‍ ഒരു ടി20 മത്സരം നടക്കുന്നത്. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിരവധി ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം ഏകദിനമായിരുന്നു.