ജപ്തിയുടെ പിന്നിൽ പഴിചാരിയ ക്രൂരതയുടെ കുടുംബരഹസ്യങ്ങൾ പുറത്ത്; മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറെടുത്ത ഭർത്താവ് പലവട്ടം കൊല്ലാൻ ശ്രമിച്ചു, മരിക്കും മുമ്പ് ലേഖ എഴുതിയ ആത്മഹത്യ കുറിപ്പ് ഭിത്തിയിൽ ഒട്ടിച്ച നിലയിൽ

ജപ്തിയുടെ പിന്നിൽ പഴിചാരിയ ക്രൂരതയുടെ കുടുംബരഹസ്യങ്ങൾ പുറത്ത്;  മറ്റൊരു വിവാഹം കഴിക്കാൻ തയ്യാറെടുത്ത  ഭർത്താവ് പലവട്ടം കൊല്ലാൻ ശ്രമിച്ചു,  മരിക്കും മുമ്പ് ലേഖ എഴുതിയ ആത്മഹത്യ കുറിപ്പ് ഭിത്തിയിൽ ഒട്ടിച്ച നിലയിൽ
May 15 10:45 2019 Print This Article

നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവിനും കുടംബത്തിനും എതിരെ രൂക്ഷമായ ആരോപണങ്ങള്‍. വീട്ടില്‍ മന്ത്രവാദം സ്ഥിരമായി നടക്കാറുണ്ട്. തന്നെയും മകളെയും കുറിച്ച്‌ നാട്ടില്‍ അപവാദ പ്രചാരണം നടത്തി. ചന്ദ്രനില്‍ നിന്നും തന്നെയും മകളെയും അകറ്റാന്‍ ഭര്‍ത്താവിന്റെ അമ്മയായ കൃഷ്ണമ്മ ശ്രമിച്ചു. ചന്ദ്രന്‍ വേറെ വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്നും ലേഖ കത്തില്‍ സൂചിപ്പിക്കുന്നു.

ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് കേസിലുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും സഹോദരി ഭര്‍ത്താവ് കാശിനാഥനും അമ്മ കൃഷ്ണമ്മയും ഇവരുടെ സഹോദരി ശാന്തയും ഉള്‍പ്പടെയുള്ള ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് ജപ്തി നടപടിയില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാത്തതും സ്ത്രീധനത്തെ ചൊല്ലി വീട്ടിലുണ്ടായിരുന്ന അസ്വാരസ്യങ്ങളുമാണ് ആത്മഹത്യയ്ക്ക് പിന്നില്‍.

മരണത്തിന് ഉത്തരവാദി ഭര്‍ത്താവും കുടുംബവുമാണെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. മുൻപും കൃഷ്ണമ്മ വിഷം കൊടുത്ത് കൊലപ്പെടുത്താൻ നോക്കിയിരുന്നു. അന്ന് രക്ഷപ്പെട്ടത് തല നാരിഴയ്ക്കാണ്.അന്ന് രക്ഷപ്പെട്ടതോടെ ലേഖയെ സ്വന്തം വീട്ടിൽ കൊണ്ടാക്കിയിരുന്നു.

ലേഖയും വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് ഇന്ന് കണ്ടെത്തിയത്. ചുമരില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു കുറിപ്പ്.

ബാങ്ക് ജപ്തി നോട്ടീസ് അയച്ചിട്ടും അത് വീട്ടുന്നതിന് ചന്ദ്രന്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ജപ്തി ഒഴിവാക്കാന്‍ ഭര്‍ത്താവും കുടുംബവും ശ്രമിച്ചില്ല. വീട് വിറ്റ് പണം നല്‍കാനുള്ള നീക്കത്തെ കൃഷ്ണമ്മയും ബന്ധുക്കളും എതിര്‍ത്തു. വീട് വില്‍ക്കാന്‍ പല ഇടപാടുകാരെ കണ്ടപ്പോഴും അട്ടിമറിച്ചത് കൃഷ്ണമ്മയും ബന്ധുക്കളുമാണ്.

ചന്ദ്രന്‍ നാട്ടുകാരില്‍ നിന്നും നിരവധി പണം കടംവാങ്ങിയിട്ടുണ്ട്. ഈ പണം മടക്കിനല്‍കാനും തയ്യാറായിരുന്നില്ല. ഇതുസംബന്ധിച്ച്‌ നാട്ടുകാര്‍ ചോദിക്കുന്നതും മനോവിഷമത്തിന് ഇടയാക്കി. കല്യാണം കഴിച്ചു വന്ന കാലം മുതല്‍ കൃഷ്ണമ്മയും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായും ആത്മഹത്യാക്കുറിപ്പില്‍ ലേഖ സൂചിപ്പിക്കുന്നു.

ലേഖയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്തമ്മ, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയില്‍ എടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി വിനോദ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് ഇന്ന് രാവിലെ സയന്റിഫിക് പരിശോധനക്കിടെയാണ് കണ്ടെടുത്തത്. ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളാണ്. ഇതുസംബന്ധിച്ച്‌ പൊലീസിന് സൂചന ലഭിച്ചിരുന്നു. ബാങ്ക് ജപ്തി സംബന്ധിച്ച പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നും അന്വേഷിക്കുന്നതായി ഡിവൈഎസ്പി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles