വത്തിക്കാന്‍: കാത്തലിക് സ്‌കൂളുകളുടെ പേരില്‍ മാര്‍പാപ്പ ഖേദം പ്രകടിപ്പിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വത്തിക്കാനില്‍ പോപ്പിനെ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രൂഡോ ഇക്കാര്യം ആവശ്യപ്പെട്ടത്. 19-ാം നൂറ്റാണ്ടു മുതല്‍ കാനഡയിലെ തനത് ഗോത്ര വംശജരെ മുഖ്യധാരയുടെ ഭാഗമാക്കാനെന്ന പേരില്‍ പീഡിപ്പിച്ചതിന് കാത്തലിക് സ്‌കൂളുകള്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 1880 മുതല്‍ ആരംഭിച്ച ഇത്തരം സ്‌കൂളുകളില്‍ അവസാനത്തേത് 1996ലാണ് അടച്ചുപൂട്ടിയത്.

അബൊറിജിനല്‍ ജനതയുമായി കനേഡിയന്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ പൊരുത്തപ്പെടല്‍ എന്താണെന്ന് മാര്‍പാപ്പയെ താന്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ഒരു ഖേദപ്രകടനം ഇക്കാര്യത്തില്‍ ഏറെ ഫലം ചെയ്യുമെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയില്‍ വെച്ചുതന്നെ ഈ ഖേദപ്രകടനത്തിന് വേദിയൊരുക്കാമെന്നും അതിനായി താന്‍ പോപ്പിനെ ക്ഷണിച്ചിട്ടുണ്ടെന്നും ട്രൂഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇതിനോട് മാര്‍പാപ്പ പ്രതികരിച്ചിട്ടില്ല. 36 മിനിറ്റ് നീണ്ടു നിന്ന സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നു എന്നാണ് വത്തിക്കാന്‍ അറിയിച്ചത്.

ഒന്നര ലക്ഷത്തോളം ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് വര്‍ഷങ്ങളായി തങ്ങളുടെ കുടുംബതങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ച് അകറ്റി കാത്തലിക് സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരുന്നത്. പള്ളികള്‍ നടത്തിയിരുന്ന ബോര്‍ഡിംഗ് സ്‌കൂളുകളില്‍ അവര്‍ക്ക് സ്വന്തം ഭാഷയില്‍ സംസാരിക്കുന്നതിനും സ്വന്തം ഗോത്രത്തിന്റെ രീതികള്‍ പിന്തുടരുന്നതിനും വിലക്കുകള്‍ ഉണ്ടായിരുന്നു. ഈ പദ്ധതിയുടെ ഇരകളെ പരിചരിക്കുന്നതിന്റെ ഭാഗമായാണ് കാനഡയുടെ ട്രൂത്ത് ആന്‍ഡ് റെക്കണ്‍സിലിയേഷന്‍ കമ്മീഷന്‍ മാര്‍പാപ്പ ഖേദ പ്രകടനം നടത്തണമെന്ന ആവശ്യം ഉന്നയിച്ചത്.