സിറിയന്‍ സൈന്യം വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക സജ്ജമാണെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് യുഎസ് അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അസദ് ഭരണകൂടം വീണ്ടും രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വിമതരെ നേരിടുന്നതിനാവശ്യമായ സാമ്പത്തിക സഹായം സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്നത് റഷ്യയും ഇറാനുമാണ്. 2013ല്‍ സിറിയലുള്ള രാസായുധങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തെ ആക്രണങ്ങള്‍ വിലയിരുത്തുമ്പോള്‍ റഷ്യ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി വ്യക്തമാകുന്നതായി ട്രംപ് പറഞ്ഞു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ സമാധാനം തിരിച്ചു പിടിക്കുന്നതില്‍ റഷ്യയ്ക്ക് സഹായം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അസദ് ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളെ മറച്ചുവെക്കാന്‍ റഷ്യ കൂട്ടുനില്‍ക്കുകയാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 50 തവണ അസദ് സൈന്യം രാസായുധം ഉപയോഗിച്ചതായും അംബാസഡര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെത് ധിക്കാര നടപടിയാണെന്ന് റഷ്യ തിരിച്ചടിച്ചു.

നേരത്തെ സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മോസ്‌കോ രംഗത്ത് വന്നിരുന്നു. രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. സിറിയയില്‍ അത്തരം ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും മോസ്‌കോ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നത് ശരിയല്ലെന്ന് ആരോപിച്ച് ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക്‌മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നാല്‍ റഷ്യയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ വിമര്‍ശിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ആക്രമണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.