സെപ്റ്റംബര്‍ 22ന് യുഎസിലെ ടെക്‌സാസില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ഹൂസ്റ്റണിലെ ഇന്ത്യന്‍ വംശജരാണ് പരിപാടി സംഘടിപ്പിക്കുന്നത്. 50,000ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും. വാഷിംഗ്ടണിലോ ന്യൂയോര്‍ക്കിലോ ആയിരിക്കും ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കും. മാസങ്ങള്‍ നീണ്ട വ്യാപാര സംഘര്‍ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.

സെപ്റ്റംബര്‍ 27ന് മോദി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുകയും പാകിസ്താന്‍ നിരന്തരം യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഇത്. പ്രശ്‌ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കം പരാജയപ്പെട്ടിരുന്നു.

അതേസമയം ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ വലിയൊരു വിഭാഗം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ വോട്ട് നിര്‍ണായകമാണ്. വിവിധ യുഎസ് കമ്പനി സിഇഒമാരെ മോദി 28ന് കാണും.