ദുബായിലെ സ്കൂളുകളിൽ അടുത്ത അധ്യായന വർഷം ഏർപ്പെടുത്താനിരിക്കുന്ന ഫീസ് വർധനയിൽ നിയന്ത്രണം. അടിസ്ഥാന സൗകര്യങ്ങളുടെയും നിലവാരത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും ഫീസ് വർധന. ദുബായ് കിരീടാവകാശിയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

വരുന്ന അധ്യായന വർഷം ദുബായിലെ സ്കൂൾ ഫീസ് നിരക്കു വർധിപ്പിക്കാനുള്ള തീരുമാനം പ്രവാസികൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നേതൃത്വത്തിൽ ചേർന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ഫീസ് നിരക്കിനു നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. അടിസ്ഥാന സൗകര്യങ്ങളും നിലവാരവും വർധിപ്പിക്കേണ്ട സ്കൂളുകൾക്ക് പരമാവധി 4.14% വരെ ഫീസ് വർധിപ്പിക്കാം.

നിലവാരം നിലനിർത്തുന്ന സ്കൂളുകൾക്ക് ഫീസ് വർധന 3.1% വരെയാകാം. ദുബായ് സ്കൂൾ ഇൻസ്പെക്ഷൻ ബ്യൂറോയുടെ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ നിലവാരം ഉറപ്പാക്കുന്നത്. സ്കൂളുകളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർധനയ്ക്ക് ആനുപാതികമായിട്ടാകണം ഫീസ് വർധന. ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ സൂചികയെ അടിസ്ഥാനമാക്കിയാണ് ഇതു നിർണയിക്കുക. കഴിഞ്ഞവർഷം ഫീസ് വർധന ഉണ്ടായിരുന്നില്ല. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപര്യം കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനമെന്ന് ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.