അങ്കാറ: പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തുര്‍ക്കി റഷ്യന്‍ അംബാസിഡറെ വിളിച്ച് വരുത്തി വിശദീകരണം തേടി. റഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും വിമാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും വിമാനം അതിര്‍ത്തി കടന്നെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഇത് തികച്ചും നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് റഷ്യ മാത്രമാകും ഉത്തരവാദിയെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു.  എന്നാല്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ തുര്‍ക്കി അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കനാഷെങ്കോവിന്റെ വിശദീകരണം. തുര്‍ക്കിയുടെത് കളളപ്രചരണങ്ങളാണെന്നും റഷ്യ ആരോപിക്കുന്നു.
നവംബറില്‍ റഷ്യയുടെ എസ് യു 24 യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തുര്‍ക്കി വെടിവച്ച് വീഴ്ത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലാണ്. ഇതേതുടര്‍ന്ന് തുര്‍ക്കിയുടെ മേല്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ ധാരാളം ഉപരോധങ്ങളും ഏര്‍പ്പെടുത്തി.

സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ സൈന്യം സിറിയയില്‍ വ്യോമാക്രമണം നടത്തുകയാണ്. വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചതിലൂടെ റഷ്യ സംഘര്‍ഷം കടുപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം പറഞ്ഞു.