അങ്കാറ: പ്രസിഡന്റ് ഭരണമാണ് ഏറ്റവും മികച്ചതെന്ന അവകാശവാദവുമായി തുര്‍ക്കിയിലെ പ്രസിഡന്റ് റിസെപ് തായിപ് എര്‍ഡോഗാന്‍. ഹിറ്റലറിന്റെ ജര്‍മനി ഇതിന് ചരിത്രപരമായ ഒരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രസ്താവനകള്‍ എന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. രണ്ട് പേര്‍ അധികാരത്തില്‍ വന്ന് അധികാരം പങ്കുവച്ച് പോകുമൊയെന്നൊരു ഭയം പ്രസിഡന്റിന് ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു.
ഭരണാനുകൂല മാധ്യമ പ്രവര്‍ത്തകന്‍ ഹസന്‍ കാരാകയുടെ മരണത്തെ തുടര്‍ന്ന് തന്റെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി തുര്‍ക്കിയിലേക്ക് മടങ്ങുന്നതിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ ഐക്യഘടന നിലനിര്‍ത്താന്‍ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന് കഴിയുമോയെന്ന ചോദ്യോത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഭരണസംവിധാനത്തില്‍ പ്രസിഡന്റ് ഭരണം മാത്രമേ സാധ്യമാകൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതിന് ഇപ്പോഴും ലോകത്ത് പല ഉദാഹരണങ്ങളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പും ഉണ്ടായിരുന്നു. ഹിറ്റ്‌ലറുടെ ജര്‍മനിയിലേക്ക് നോക്കിയാലും ഇത് കാണാനാകും. ഇപ്പോള്‍ മറ്റ് പല രാജ്യങ്ങളിലും നാം ഇതാണ് കാണുന്നത്.

നവംബറില്‍ എര്‍ഡോഗന്റെ എകെപി പാര്‍ട്ടി തുര്‍ക്കിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്. ഇത് അധികാരത്തില്‍ തുടരാന്‍ അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. രാജ്യത്തെ പാര്‍ട്ടി രാഷ്ട്രീയത്തിനും മേലെയാണ് അദ്ദേഹത്തിന്റെ അധികാരമെങ്കിലും എകെപിയുടെ വിജയത്തില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിക്കുന്നു. അദ്ദേഹത്തിന്റെ എതിരാളികള്‍ക്ക് ഔദ്യോഗിക മാധ്യമങ്ങള്‍ തെല്ലും സമയം നല്‍കാറുമില്ല. രാജ്യത്തിന് പ്രസിഡന്റ് ഭരണമാണ് അഭികാമ്യമെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുളളതാണ്. തന്റെ ഭരണഘടനാ പരിഷ്‌ക്കാരങ്ങളിലൂടെ അന്തിമ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.