യുകെയില്‍ ടിവി ലൈസന്‍സ് നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. തങ്ങളുടെ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇനി മുതല്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് ബിബിസിയും വ്യക്തമാക്കിയിട്ടുണ്ട്. 150.50 പൗണ്ടാണ് നിലവിലുള്ള ലൈസന്‍സ് ഫീസ്. ഇത് 154.50 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് ടിവി ലൈസന്‍സ് ഫീസ് ഉയര്‍ത്തുന്നത്. 201ല്‍ ടിവി ലൈസന്‍സിന് 145.50 പൗണ്ട് നല്‍കിയാല്‍ മതിയായിരുന്നു. 2017 ഏപ്രില്‍ 1 മുതല്‍ നാണ്യപ്പെരുപ്പത്തിന് അനുസരിച്ച് ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വര്‍ഷത്തേക്ക് ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് നിരക്കു വര്‍ദ്ധനയ്ക്ക് കാരണമെന്നും ബിബിസി അറിയിച്ചു.

പുതിയ നിരക്കനുസരിച്ച് ടിവി കാണണമെങ്കില്‍ ആഴ്ചയില്‍ 2.97 പൗണ്ട് അധികമായി നല്‍കേണ്ടി വരും. മാസത്തില്‍ ഇത് 12.87 പൗണ്ടാകും. സ്ട്രിക്റ്റ്‌ലി കം ഡാന്‍സിംഗ്, ഡോക്ടര്‍ ഹൂ, ഈസ്‌റ്റെന്‍ഡേഴ്‌സ് തുടങ്ങിയ ജനപ്രിയ ഷോകള്‍ കാണണമെങ്കില്‍ ഇത് നല്‍കിയേ മതിയാകൂ. ഒമ്പത് ദേശീയ ചാനലുകളും റീജിയണല്‍ പ്രോഗ്രാമിംഗുകളുമാണ് ബിബിസി നല്‍കുന്നത്. 10 നാഷണല്‍ റേഡിയോ സ്‌റ്റേഷനുകള്‍, 40 ലോക്കല്‍ റേഡിയോ സ്റ്റഷനുകള്‍ കൂടാതെ രാജ്യത്തിനു വേണ്ടിയുള്ള പ്രത്യേക റേഡിയോ സര്‍വീസുകളും നടത്തുന്നു. യുകെയിലെ ജനപ്രിയ വെബ്‌സൈറ്റുകള്‍, റേഡിയോ ആപ്പായ ബിബിസി സൗണ്ട്, ബിബിസി ഐപ്ലേയര്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബിബിസിയുടെ നിയന്ത്രിത ബജറ്റിന്റെ 96 ശതമാനവും പ്രേക്ഷകര്‍ക്കു വേണ്ടിയും പരിപാടികള്‍ക്കു വേണ്ടിയുമാണ് ചെലവഴിച്ചത്. സ്ഥാപനത്തിനു വേണ്ടി വെറും 6 ശതമാനം മാത്രമാണ് ലഭിച്ചതെന്ന് ബിബിസി പറയുന്നു.

അതേസമയം ഫീസ് വര്‍ദ്ധന ബ്രിട്ടീഷുകാരെ രോഷത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ബിബിസിക്ക് ഇപ്പോള്‍ നല്‍കുന്നതും പോലും അധികമാണെന്ന് അഭിപ്രായപ്പെടുന്ന പ്രേക്ഷകര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചേക്കും. 75,000 പൗണ്ട് വരെ ചില എക്‌സിക്യട്ടീവുകളുടെ ശമ്പളത്തില്‍ വര്‍ദ്ധന വരുത്തിയതിനു പിന്നാലെയാണ് ഫീസ് നിരക്ക് ഉയര്‍ത്തിയെന്ന പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ശമ്പള വര്‍ദ്ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഈ നിരക്കു വര്‍ദ്ധന പ്രേക്ഷകന്റെ മുഖത്തടിക്കുന്നതിന് തുല്യമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഡേവിസ് പറഞ്ഞു. ഈ നിലപാട് പൊതുജനങ്ങളെ ബിബിസിയില്‍ നിന്ന് അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.