തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ട്രാവന്‍കൂര്‍ മാളിലെ ഹോട്ടല്‍ ജീവനക്കാരനായ 22 കാരന് ദാരുണാന്ത്യം. കല്ലറ പാങ്ങോട് ദാറുല്‍ ഇസ്ളാമില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഒമറാണ് (22) മരിച്ചത്. മറ്റ് രണ്ട്  ബൈക്കുകളിലായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാങ്ങോട് സ്വദേശി ഷെഫീക്ക് (21), കടയ്ക്കല്‍ സ്വദേശി ഹൈഷാം(21) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്‍പാലവട്ടം ബൈപാസില്‍ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കഴക്കൂട്ടത്ത് പോയി ഈഞ്ചയ്ക്കലിലേക്ക് തിരികെ വരികയായിരുന്ന ഇവരില്‍ ഒരാളുടെ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ വന്ന ബൈക്കുകള്‍ ഒന്നൊന്നായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ചുകയറിയ ബൈക്കുകളില്‍ നിന്ന് ഇവര്‍ റോഡില്‍ പലഭാഗങ്ങളിലായി തെറിച്ചുവീണു.

ശരീരം വയറിന്റെ ഭാഗത്തുവച്ച്‌ രണ്ടായി മുറിഞ്ഞു മാറിയ ഒമര്‍ തല്‍ക്ഷണം മരിച്ചു. ഷെഫീക്കിന് കാലിനാണ് പരിക്ക്. ഹൈഷാമിന് നിസാര പരിക്കേറ്റു. റോഡില്‍ തെറിച്ചുവീണതിനിടെ കമ്ബിയിലോ മറ്റോ ഇടിച്ചതാകാം ഒമറിന്റെ ശരീരം രണ്ടായി മുറിയാനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഒമറിന്റെ മൃതദേഹം റോഡില്‍ കിടന്നതിനാല്‍ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിയ ലോറിക്ക് പിന്നില്‍ അതുവഴിവന്ന ഇന്നോവ കാറിടിച്ച് രണ്ടാമതും അപകടം ഉണ്ടായി. കണിയാപുരം സ്വദേശി ഹസനും ഇയാളുടെ സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഹസനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സുഹൃത്തിനെ ഫോര്‍ട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേട്ട പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി. ഒമറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും.