ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലൈംഗിക ചൂഷണത്തിനും അവഗണനയ്ക്കും ഇരയായ രണ്ട് കുട്ടികള്‍ കോടതിയില്‍. പ്ലയിന്‍ടിഫ് ടു, പ്ലയിന്‍ടിഫ് ത്രീ എന്നിങ്ങനെയുള്ള സൂചന പേരുകളില്‍ അറിയപ്പെടുന്ന കുട്ടികള്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കാണ് ഇരയായിരിക്കുന്നതെന്ന് കോടതിയില്‍ വ്യക്തമായിട്ടുണ്ട്. ഇരുവര്‍ക്കുമുണ്ടായ ദുരനുഭവങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുമെന്ന് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ സൂചന നല്‍കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 238 മില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവര്‍ കോടതിയെ സമീപിച്ചത്.

വീട്ടില്‍ വെച്ച് അതിക്രൂരമായ അനുഭവങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നു പോയിരുന്നു. കൈ വൃത്തിയാക്കുന്നത് പോലുള്ള പ്രാഥമിക പ്രവൃത്തികള്‍ പോലും ചെയ്യാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല. ഇരുവരും ഇപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളിലാണ്. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ കെയര്‍ ഹോമിലേക്ക് മാറ്റും. അടുക്കളുടെ നിലത്തിട്ടായിരുന്നു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഒരു കുട്ടി ഒരിക്കലും കടന്നു പോകാന്‍ പാടില്ലാത്ത അത്രയും ഭീകരമായ അവസ്ഥകളിലൂടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്നതെന്ന് സൈക്കോളജിസ്റ്റായി ഡോ. മിറിയം സില്‍വര്‍ കോടതിയില്‍ വ്യക്തമാക്കി. കുട്ടികളെ പരിശോധിച്ചത് ഡോ. മിരിയം സില്‍വയായിരുന്നു. തന്റെ കരിയറില്‍ ഇത്രയും സങ്കീര്‍ണമായ മറ്റൊരു കേസുണ്ടായിട്ടില്ലെന്നും അവര്‍ കോടതിയോട് പറഞ്ഞു.

കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്‌നങ്ങളെ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ട എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്ലെയിന്‍ ടിഫ് 2 വീട്ടിലുണ്ടായിരുന്ന പൂച്ചയെ കൊന്നതായി വ്യക്തമാക്കിയിരുന്നു. ദുഃഖവും മാനസിക സമ്മര്‍ദ്ദവും അതി കഠിനമായി അനുഭവിക്കുന്ന കുട്ടികളിലാണ് ഇത്തരം പ്രവണതകള്‍ കാണാന്‍ കഴിയുക. അവരില്‍ അക്രമവാസനയും വളരാന്‍ സാധ്യത വളരെക്കൂടുതലാണെന്നും സില്‍വര്‍ പറയുന്നു. കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലമായി കുട്ടികളെ അവഗണിക്കുകയും മാനസികമായി തകര്‍ക്കുകയും ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റമാണ് മാതാപിതാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് തെളിവുകളുണ്ടെന്നും സില്‍വര്‍ പറഞ്ഞു. കൂടാതെ ഒരിക്കല്‍ പാവക്കുട്ടികളെ ഉപയോഗിച്ച് വീട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിവരിക്കാന്‍ പ്ലെയിന്‍ ടിഫ് ത്രീയോട് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്ന് സില്‍വര്‍ പറയുന്നു.