ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : കരാർ രഹിത ബ്രെക്സിറ്റിന്റെ അനിശ്ചിതത്വത്തിൽ ബ്രിട്ടൻ നിൽകുമ്പോൾ അവിടെ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ സെറ്റിൽഡ് സ്റ്റാറ്റസിനുവേണ്ടി അപേക്ഷിക്കുന്നു. രണ്ട് ദശലക്ഷം യൂറോപ്യൻ യൂണിയൻ ജനതയാണ് ബ്രെക്സിറ്റിനു ശേഷവും ബ്രിട്ടനിൽ തന്നെ തങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ആഭ്യന്തരഭരണ കാര്യാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 30 വരെ 6-ൽ ഒന്ന് എന്ന കണക്കിന് യൂറോപ്യൻ യൂണിയൻ പൗരന്മാരും ബന്ധുക്കളും സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിച്ചു. 2020 ഡിസംബർ 31 വരെ അപേക്ഷിക്കാമെങ്കിലും ഈ ഒക്ടോബർ 31ന് ഒരു കരാർ രഹിത ബ്രെക്സിറ്റിന്റെ ഭീഷണി നിലനിൽക്കുന്നതിനാലാണ് ഇത്രയും അധികം അപേക്ഷകൾ എത്തുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി അപേക്ഷിക്കുന്നവർ മതിയായ തെളിവുകൾ സമർപ്പിക്കേണ്ടി വരും. തിരിച്ചറിയൽ രേഖ സമർപ്പിക്കുന്നതിനോടൊപ്പം യുകെയിൽ താമസിക്കുന്നവർ ക്രിമിനൽ കേസ് ഒന്നും തന്നെയില്ല എന്നും തെളിയിക്കണം. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു ; ” യൂറോപ്യൻ യൂണിയൻ പൗരന്മാർ ഈ രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്, ബ്രെക്സിറ്റിനു ശേഷവും ആഗോള നേതാവെന്ന നിലയിൽ ബ്രിട്ടനെ നിലനിർത്താൻ അവർ സഹായിക്കും. യൂറോപ്യൻ യൂണിയൻ പൗരന്മാർ ബ്രിട്ടനിൽ തന്നെ കഴിയാൻ ആഗ്രഹിക്കുന്നു എന്ന കാര്യം സന്തോഷം പകരുന്നു. ”

പക്ഷെ 3 മില്ല്യൺ എന്ന പ്രചാരണ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ നിക്കോളാസ് ഹട്ടൻ പറഞ്ഞത് ഇപ്രകാരമാണ് . “നോ ഡീൽ ബ്രെക്സിറ്റ്‌ സംബന്ധിച്ച് യുകെ സർക്കാർ ജനങ്ങളുടെ മനസ്സിൽ ഭീതി ഉണർത്തിയിരിക്കുന്നു. 2020 ഡിസംബറോടെ അപേക്ഷിക്കാൻ കഴിയാത്ത ഒരു ലക്ഷം യൂറോപ്യൻ യൂണിയൻ പൗരന്മാരെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. യുകെയിൽ നിയമപരമായി താമസിക്കുന്ന കെയർ ഹോമിലെ പ്രായമായവർ, വൈകല്യമുള്ളവർ, അപേക്ഷിക്കാൻ അറിവില്ലാത്തവർ എന്നിവരടക്കമുള്ള ആളുകൾക്ക് എങ്ങനെ അവിടെ തുടരാനാകുമെന്ന് സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.” സെപ്റ്റംബറിൽ മാത്രം അഞ്ചുലക്ഷത്തിലധികം അപേക്ഷകൾ (520,600) ലഭിച്ചു. പോളിഷ്, റൊമാനിയൻ, ഇറ്റാലിയൻ പൗരന്മാരിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിക്കുന്നത്. 345,000 പോളിഷ് പൗരന്മാരാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നതെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.