കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി 16കാരി പ്രസവിച്ച സംഭവത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ കൂടി കീഴങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ലിസ് മരിയ, ഏഴാം പ്രതിയായ ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് കീഴടങ്ങിയത്. രാവിലെ പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു മുന്നിലെത്തിയാണ് ഇവര്‍ കീഴടങ്ങിയത്.
പെണ്‍കുട്ടിയുടെ പ്രസവശേഷം കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് അനാഥാലയത്തിലേക്ക് മാറ്റാന്‍ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തെളിവിു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ് മരിയ. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

ഒന്നാം പ്രതിയായ ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്. മറ്റ് പ്രതികളായ തങ്കമ്മ നെല്ലിയാനി, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, ഡോ.ഹൈദരലി, സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ജില്ലാ ശിശക്ഷേമസമിതി ചെയര്‍മാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തേ കീഴടങ്ങി ജാമ്യമെടുത്തിരുന്നു.