ലണ്ടന്‍: യുകെയിലെ ഊര്‍ജ്ജ വ്യവസായ മേഖല വന്‍ പരിഷ്‌കരണത്തിന് ഒരുങ്ങുന്നു. എനര്‍ജി ബില്ലുകള്‍ക്ക് പരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഉണ്ടാകാനിടയുള്ള നഷ്ടം പരിഹരിക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നതായാണ് സൂചന. എസ്എസ്ഇ പിഎല്‍സിയും ഇന്നോജി എസ്ഇയും ലയിക്കാന്‍ തീരുമാനിച്ചു. ഊര്‍ജ്ജ വ്യവസായത്തില്‍ ഒരു ദശകത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ലയനമായിരിക്കും ഇതെന്നാണ് കരുതുന്നത്. ഇത് പൂര്‍ത്തിയായാല്‍ യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ എനര്‍ജി സപ്ലയര്‍ ആയി കമ്പനി മാറും. സെന്‍ട്രിക്ക പിഎല്‍സിയുടെ ബ്രിട്ടീഷ് ഗ്യാസ് യൂണിറ്റാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനി.

പുതിയ കമ്പനിക്ക് 12 ദശലക്ഷത്തിലേറെ വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കള്‍ ഉണ്ടാകും. ഈ കമ്പനി രൂപീകൃതമാകുന്നതോടെ എനര്‍ജി വ്യവസായത്തിലെ ബിഗ് സിക്‌സ് എന്ന പ്രയോഗവും ഇല്ലാതാകും. ലക്ഷക്കണക്കിന് കുടുംബങ്ങളെ അമിത ഊര്‍ജ്ജ ബില്ലില്‍ നിന്ന് രക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ബില്ലുകള്‍ക്ക് പരിധി കൊണ്ടുവരാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി തെരേസ മേയ് നിര്‍ദേശിച്ച് ഇത് എത്രയും വേഗം നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പാര്‍ലമെന്റില്‍ പറഞ്ഞു.

ജര്‍മന്‍ ഉടമസ്ഥതയിലുള്ള ഇന്നോജിയുടെ എന്‍പവര്‍ കുറച്ചുകാലമായി മോശം പ്രവര്‍ത്തനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ബില്ലിംഗ് സമ്പ്രദായത്തിലെ തകരാറ് മൂലം ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുകയും പിന്നീട് ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തതിലൂടെ ഈ കമ്പനി വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ലയനത്തിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.