വാഷിംഗ്ടണ്‍: വിമാനങ്ങളിലെ ലാപ്‌ടോപ്പ് നിരോധനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാതിരിക്കാന്‍ അമേരിക്ക പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇവ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ക്കേ കാരണമാകൂ എന്ന് എയര്‍ലൈന്‍ കമ്പനികള്‍ അഭിപ്രായപ്പെടുന്നു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഈ ചട്ടങ്ങള്‍ നിലവില്‍ വരും. എന്നാല്‍ ഇവയെക്കുറിച്ച് യാത്രക്കാര്‍ക്ക് അവബോധം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാകുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

105 രാജ്യങ്ങളിലെ 280 വിമാനത്തവാളങ്ങളില്‍ നിന്ന് 180 എയര്‍ലൈന്‍ കമ്പനികളാണ് അമേരിക്കയിലേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്നത്. ഇവരുടെ 2000 വിമാനങ്ങളിലായി 3,25,000ത്തോളം യാത്രക്കാര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. എട്ട് രാജ്യങ്ങളിലെ 10 വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയില്‍ എത്തുന്ന യാത്രക്കാര്‍ ലാപ്‌ടോപ്പ് പോലെയുള്ള വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു വരുന്നതാണ് കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക നിരോധിച്ചത്.

ഈജിപ്റ്റ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ടര്‍ക്കി എന്നി രാജ്യങ്ങള്‍ അമേരിക്കയുടെ ലാപ്‌ടോപ്പ് നിരോധനത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നാലെ യുകെയും ലാപ്‌ടോപ്പ് നിരോധനം പ്രഖ്യാപിച്ചു. അമേരിക്കന്‍ വിമാനക്കമ്പനികളും ഈ നിയന്ത്രണം പാലിക്കണമെന്നാണ് നിര്‍ദേശം. എങ്കിലും ലാപ്‌ടോപ്പ് കൂടുതലായി ഉപയോഗിക്കുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്കില്‍ യാത്ര ചെയ്യുന്ന ബിസിനസ് ക്ലാസ് യാത്രക്കാരാണ് എന്നതിനാല്‍ വരുമാനം കുറയുമോ എന്ന ആശങ്കയും കമ്പനികള്‍ക്ക് ഉണ്ട്.