ഷാര്‍ജയിലെ മലയാളി വിദ്യാര്‍ത്ഥി തൃശൂര്‍ സ്വദേശി നീല്‍ പുരുഷ് കുമാര്‍ (29) യുഎസില്‍ വെടിയേറ്റ് മരിച്ച സംഭവം കേസ് ഗ്രാന്റ് ജൂറിക്ക്. സംഭവത്തില്‍ ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സ്(23) എന്ന യുവാവാണ് അറസ്റ്റിലായത്. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പ്രതിയുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാണ് കേസ് ഇനി പരിഗണിക്കുക എന്ന കാര്യം വ്യക്തമല്ല. മകന്റെ മരണത്തില്‍ നീതിവേണമെന്ന് നീലിന്റെ പിതാവ് പുരുഷ് കുമാര്‍ പ്രതികരിച്ചു.

പ്രതി ലിയോണ്‍ ടെറല്‍ ഫ്‌ളവേഴ്‌സിനെതിരെ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും കേസ് ഗ്രാന്‍ഡ് ജൂറിയ്ക്ക് വിടുകയാണെന്നും പിക് കണ്‍ട്രി ജഡ്ജ് സ്റ്റീവന്‍ കര്‍ടിസ് പറഞ്ഞു. ലിയോണ്‍ സംഭവ സമയത്തോട് അടുപ്പിച്ച് ഗാരേജിലേക്ക് കയറി പോകുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും വിഡിയോ ഉണ്ടെന്നും നീല്‍കുമാറിനെ ക്ലോസ് റേഞ്ചില്‍ വച്ച് വെടിവയ്ക്കുകയുമായിരുന്നുവെന്നും ബ്രന്‍ഡിഡ്ജ് പോലീസ് കോടതിയെ അറിയിച്ചു.

ട്രോയ് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്തുകയായിരുന്ന നീല്‍ പുരുഷ് കുമാര്‍. ബ്രന്‍ഡിഡ്ജിലെ അലബാമയില്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി പാര്‍ട് ടൈം ജോലി ചെയ്തു വരികയായിരുന്നു നീല്‍. ജൂലൈ 24-ന് രാവിലെ ഏഴുമണിക്ക് കടയിലെത്തിയ അക്രമി നീലിനു നേര്‍ക്കു തോക്കു ചൂണ്ടി കൗണ്ടറില്‍ നിന്നു പണം കവര്‍ന്നശേഷം വെടിയുതിര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പണമെടുക്കുമ്പോള്‍ നീല്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതിരുന്നിട്ടും കൊലപ്പെടുത്തുകയായിരുന്നു.