ഇന്ത്യയ്ക്കും യുഎഇക്കുമിടയില്‍ കുറഞ്ഞ നിരക്കില്‍ വിമാന യാത്ര സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമ്മദ് അല്‍ ബന്ന അറിയിച്ചു. ജെറ്റ് എയര്‍വെയ്‌സ് പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യാത്രാ നിരക്കില്‍ വര്‍ധനവ് ഉണ്ടയേക്കാമെന്ന ആശങ്കയിലായിരുന്നു പ്രവാസികള്‍. അതുകൊണ്ട് തന്നെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കൂടുതല്‍ ബജറ്റ് വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. സീറ്റ് ലഭ്യത കൂട്ടാന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതടക്കമുള്ളവ പരിഗണിക്കുന്നുണ്ടെന്നും ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (ഐഐടി) നടന്ന സമ്മേളനത്തില്‍ ഡോ.അഹമ്മദ് അല്‍ ബന്ന പറഞ്ഞു

കുറഞ്ഞചെലവില്‍ മെച്ചപ്പെട്ട വിമാനയാത്രയ്ക്ക് അവസരമൊരുക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി ചേര്‍ന്നുള്ള കരാറിനു രൂപം നല്‍കാനും ശ്രമിക്കും. 5000 കിലോമീറ്ററില്‍ താഴെ ദൂരമുള്ള സര്‍വീസുകള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ചില ഇളവുകളും പദ്ധതിക്കു സഹായകമാകും