യുഎഇയില്‍ തൊഴിലാളികളെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മിനി ബസുകള്‍ നിരോധിക്കാന്‍ തീരുമാനം. രണ്ടായിരത്തിഇരുപത്തിമൂന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്നു ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അറിയിച്ചു.

15 യാത്രക്കാര്‍ വരെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ലൈസന്‍സിങ് മാനദണ്ഡങ്ങളില്‍ അബുദാബി പൊലീസ് നേരത്തെ മാറ്റം വരുത്തിയിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യുഎഇയില്‍ മിനി ബസുകള്‍ നിരോധിക്കാൻ ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. 2023 ജനുവരി മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. എന്നാല്‍ 2021 സെപ്തംബര്‍ മുതല്‍ തന്നെ വിദ്യാർഥികളെ മിനി ബസുകളില്‍ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ പ്രസിഡന്റും ദുബായ് പൊലീസ് ഡെപ്യൂട്ടി കമാണ്ടര്‍ ജനറലുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്കൂള്‍ ബസുകളെ മറികടന്നു പോകുന്ന വാഹനങ്ങളെ കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. യുഎഇ റോഡ് ഭാര നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിച്ച്, റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. റോഡുകളിലെ അപകടങ്ങള്‍, മരണങ്ങള്‍, ഗതാഗത നിയമ ലംഘനങ്ങള്‍ തുടങ്ങിയവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും വിലയിരുത്തി. റോഡപകടങ്ങളിലെ മരണങ്ങൾ കഴിഞ്ഞ വര്‍ഷം 32 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.