ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട് വീട്ടില്‍ മൊയ്തീന്‍ ഇപ്പോള്‍ നാട്ടില്‍ താരമാണ്. മറ്റൊന്നുമല്ല മൊയ്തീന്റെ ക്ഷണ പ്രകാരം മകളുടെ കല്യാണത്തിന് സ്ഥാനമാനങ്ങള്‍ നോക്കാതെ ദുബായിലെ ഒരു സംഘം യുവാക്കളാണ് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവര്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകളുടെ കല്യാണത്തിന് ആശംസകള്‍ നേരുകയും വീട്ടുകാരുടെ സന്തോഷത്തില്‍ പങ്കുകെള്ളുകയും ചെയ്ത്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

ദുബായ് ഹുസൈന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മമാന്‍ ഉബൈദ് അബു അല്‍ ഷുവാര്‍വിന്റെ വീട്ടില്‍ 26 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് മൊയ്തീന്‍. അബ്ദു റഹ്മാന്റെ മകനും ഏഴ് സുഹൃത്തുക്കളുമാണ് വിവാഹത്തിന് എത്തിയത്. നവ വധുവിനും വരനും സമ്മാനവും നല്‍കിയാണ് ഇവര്‍ പിരിഞ്ഞത്.

ദുബായില്‍ പാചകക്കാരനായിട്ടായിരുന്നു മൊയ്തീന്‍ എത്തിയത്. 26 വര്‍ഷമായി ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇദ്ദേഹം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഡ്രൈവിങ് ലൈസന്‍സ് എടുത്തു ഡ്രൈവറായി ജോലി ചെയ്തുതുടങ്ങിയത്. അര്‍ബാബിന്റെ മജ്ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നതുമെല്ലാം ഇദ്ദേഹമായിരുന്നു.

മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യുഎഇയിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍. അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്. വിവാഹത്തിനെത്തിയ അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങിയത്.