ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ ഊബര്‍ ടാക്‌സിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി തെരേസ മേയ്. ഊബറിന് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന മേയര്‍ സാദിഖ് ഖാന്‍ അധ്യക്ഷനായ ട്രാഫിക് ഫോര്‍ ലണ്ടന്റെ തീരുമാനം ശരിയായതല്ലെന്ന് മേയ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടമാകുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് ഊബറിന് ലണ്ടന്‍ നഗരത്തില്‍ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഊബര്‍ സുരക്ഷിതമാണോ എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെ തീരുമാനത്തിനെതിരെ ഊബര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30നാണ് നിലവിലുള്ള പ്രവര്‍ത്തനാനുമതി അവസാനിക്കുന്നത്. എന്നാല്‍ അപ്പീല്‍ കാലാവധിയില്‍ ഊബറിന് തടസമില്ലാതെ സര്‍വീസ് നടത്താം. ഇത് ഒരു വര്‍ഷം വരെ നീളുമെന്നാണ് കരുതുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിനു മുമ്പായി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലണ്ടന്‍ മേയറുടെ നടപടിയെ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

ഒരു ഒപ്പിലൂടെ മേയര്‍ 40,000 ആളുകളുടെ ജോലിയാണ് പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഈ തീരുമാനം 35 ലക്ഷത്തോളം വരുന്ന ഊബര്‍ ഉപയോക്താക്കളെയും കഷ്ടത്തിലാക്കി. ഒറ്റയടിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശരിയായ നടപടിയല്ല. എന്നാല്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ലണ്ടനിലെ പ്രവര്‍ത്തനത്തില്‍ വന്ന പിഴവുകളില്‍ ഖേദിക്കുന്നതായി ഊബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ദാര ഖോസ്രോവ്ഷാഹി തിങ്കളാഴ്ച പുറത്തുവിട്ട തുറന്ന കത്തില്‍ വ്യക്തമാക്കിയിരുന്നു.