5 വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കൂടിയ വെസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യം ബ്രിട്ടനാണെന്ന് പഠനം. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. യുകെയുടെയും സ്വീഡന്റെയും ആരോഗ്യ മേഖലയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ താരതമ്യം ചെയ്തു നടത്തിയ പഠനത്തില്‍ 2003 മുതല്‍ 2012 വരെയുള്ള കണക്കുകളാണ് പരിശോധിച്ചിരിക്കുന്നത്. 5 വയസിന് താഴെയുള്ളവരുടെ മരണനിരക്ക് സ്വീഡനേക്കാളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുകെയിലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. കൂടാതെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെക്കാളും 25 ശതമാനത്തിലധികം മരണനിരക്കും ബ്രിട്ടനിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയ ആരോഗ്യ മേഖലയാണ് യുകെയുടേത്. എന്നാല്‍ പുതിയ കണക്കുകള്‍ യുകെയുടെ ആരോഗ്യ മേഖലയുടെ ന്യൂനതകള്‍ പുറത്തുകൊണ്ടു വന്നിരിക്കുകയാണ്. യുകെയുടെ സാമ്പത്തിക വികസനത്തിനും ആരോഗ്യ സംവിധാനങ്ങള്‍ക്കും സമാനമാണ് സ്വീഡനിലേതും. എന്നാല്‍ സ്വീഡനില്‍ കുട്ടികളുടെ മരണനിരക്ക് വളരെ കുറവാണ്. ഗര്‍ഭിണികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന പുകവലിയും അമിതവണ്ണവും ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് കുട്ടികളുടെ മരണനിരക്ക് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. അകാല പ്രസവം, കുട്ടികള്‍ക്ക് ആവശ്യത്തിന് തൂക്കം ഇല്ലാതിരിക്കുക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടിപെടുക തുടങ്ങിയവയാണ് സാധാരണഗതിയില്‍ മരണ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടി കാണിക്കുന്നത്.

പ്രസവ സമയത്തുണ്ടാകുന്ന ആരോഗ്യമില്ലായ്മ കുട്ടിയുടെ ജീവന് ഭീഷണിയാണ്. ഇംഗ്ലണ്ടില്‍ ആരോഗ്യ പ്രശ്‌നങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് മരണനിരക്ക് കൂടാന്‍ കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത്. 10,000ത്തില്‍ 29 കുട്ടികളെന്ന തോതിലാണ് യുകെയിലെ കുട്ടികളുടെ മരണനിരക്ക്. എന്നാല്‍ സ്വീഡനില്‍ 10,000ത്തില്‍ 19 കുട്ടികള്‍ മാത്രമാണ് മരണപ്പെടുന്നത്. ഇത്തരം 80 ശതമാനം മരണങ്ങളും സംഭവിക്കുന്നത് കുട്ടിക്ക് ഒരു വയസ് തികയുന്നതിന് മുന്‍പാണ്. കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴും വളരെ അപൂര്‍വ്വം തന്നെയാണ്.