ലണ്ടന്‍: ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് നാളെ 20നു ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കും. ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക് എന്ന മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയാണ് ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 20നു ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് പൊങ്കാല അര്‍പ്പിക്കുവാനുള്ള പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കും.

ആയിരത്തോളം ഭഗവതി ഭക്തര്‍ ഇത്തവണ യു.കെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്കു ഓരോ വര്‍ഷവും ഈ വേദി ഉറവിടമാവുന്നു. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ് സംഘടന) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ കൗണ്‍സിലര്‍ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് അഭംഗുരം നേതൃത്വം നല്‍കി പോരുന്നത്.

ഈസ്റ്റ്ഹാം എം.പിയും, മുന്‍ ക്യാബിനെറ്റ് മന്ത്രിയുമായിരുന്ന
സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായി പങ്കു ചേരും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ഇന്ന് ശ്രീ മുരുകന്‍ ക്ഷേത്രം മാറിക്കഴിഞ്ഞു. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ.ഓമന ഗംഗാധരന്‍: 07766822360

Please come and join us on 20th February from 9AM, at London Sree Murugan Temple, Browning Road/ Church Road Junction, Manor Park, London E12 6AF