ചൈനയ്ക്ക് സഹായമായി യുകെ കോടികള്‍ നല്‍കുന്നതിനെതിരെ ജനരോഷം. ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വലിയ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ നടത്തുകയാണെന്നും ബ്രിട്ടന്‍ ആ രാജ്യത്തിന് സഹായധനം ഇനി നല്‍കേണ്ടതില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പര്യവേഷണ പേടകം ഇറക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് യുകെയില്‍ ഈ അഭിപ്രായം ഉയരുന്നത്. 49.3 മില്യന്‍ പൗണ്ടാണ് 2017ല്‍ ഫോറിന്‍ എയിഡ് ഫണ്ട് ഇനത്തില്‍ ചൈനയ്ക്ക് അനുവദിച്ചത്. അതേസമയം ബഹിരാകാശ ഗവേഷണത്തിനായി കോടിക്കണക്കിന് പൗണ്ടിന് തുല്യമായ തുകയാണ് ചൈന വകയിരുത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചാന്ദ്ര പര്യവേഷണത്തില്‍ വിപ്ലവം കുറിച്ചു കൊണ്ട് ചന്ദ്രന്റെ ഇരുണ്ട വശത്ത് ചൈന പേടകം ഇറക്കിയത്.

ചാങ് ഇ 4 എന്ന പേരില്‍ അറിയപ്പെടുന്ന പര്യവേഷണ വാഹനം ചന്ദ്രന്റെ മറുവശത്ത് മനുഷ്യന്‍ ഇറക്കുന്ന ആദ്യ ദൗത്യമാണ്. ഇതുവരെ ചൈനയുടെ ബഹിരാകാശ ഗവേഷണ മേഖല പാശ്ചാത്യ നാടുകളേക്കാള്‍ ഏറെ പിന്നിലായിരുന്നു എന്നാണ് നാന്‍ജിംഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഹൂ സിയുന്‍ പറഞ്ഞത്. ചാന്ദ്ര ദൗത്യത്തോടെ മുന്‍നിരയിലേക്ക് ചൈന കുതിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ശക്തിയാകാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ ദൗത്യത്തെ വിലയിരുത്തുന്നത്. 2022ല്‍ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ചൈന നേരത്തെ പുറത്തു വിട്ടിരുന്നു. പ്രതി വര്‍ഷം 3.9 മില്യന്‍ പൗണ്ട് ചെലവു വരുന്ന പദ്ധതിയാണ് ഇത്.

ലോകത്തില്‍ ആദ്യമായി ബഹിരാകാശ പ്രതിരോധ സേനയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക പ്രഖ്യാപിച്ചതിനു ശേഷമാണ് ചൈനയുടെ ഉദ്യമങ്ങള്‍ക്ക് വേഗം വെച്ചത്. ചൈനയുടെ ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള വാര്‍ത്തക്കു പിന്നാലെ എല്‍ബിസി അവതാരകന്‍ ആന്‍ഡ്രൂ പിയേഴ്‌സ് ആണ് ചൈനയ്ക്ക് ബ്രിട്ടന്‍ സഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. ട്വിറ്ററില്‍ ഈ ആവശ്യത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.