ഗില്‍ഫോര്‍ഡ്. യുകെയില്‍ മലയാളി നഴ്സിന് നിസ്വാര്‍ത്ഥ സേവനത്തിന് അംഗീകാരം. തന്‍റെ കര്‍മ്മ മണ്ഡലത്തില്‍ മികച്ച സേവനം കാഴ്ച വച്ച ഗിൽഗോർഡ്‌ റോയൽ സറെ കൗണ്ടി ഹോസ്പിറ്റലിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന റിതു ഡെറിക്ക് ആണ് Ovation Award Stars Of Royal Surrey ക്ക് അർഹയായത്. മെഡിക്കൽ ഡയറക്ടർ മി.റ്റിബ്സിൽ നിന്ന് റിതു ഈ അവാർഡ് ഏറ്റുവാങ്ങി. വളരെ ഏറെ കർമ്മനിരതയും നഴ്സിംഗ് പ്രൊഫെഷനോട് നൂറു ശതമാനം നീതി പുലർത്തുകയും ചെയ്യുന്ന റിതു രോഗികൾക്കും സഹപ്രവര്‍ത്തകർക്കും എപ്പോഴും പ്രചോദനവും ഉണർവുമാണ് എന്ന് അവാർഡ് ദാന ചടങ്ങിൽ അനുസ്മരിച്ചു.

നഴ്സിംഗ് പ്രൊഫെഷൻ ഏറെ ഇഷ്ടപ്പെടുന്ന റിതു ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളില്‍ മികച്ച സ്കോര്‍ നേടി 2004 ൽ ആണ് സകുടുംബം യു കെ യിലേക്ക് കുടിയേറിയത് .എരുമേലി സെന്റ്‌ തോമസ് കോളേജിലും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക് കോളേജിലും ആണ് റിതു പഠിച്ചത്. കങ്ങഴ MGDM കോളേജിൽ നിന്ന് നഴ്സിംഗ് പഠനം പൂർത്തിയാക്കിയതിനുശേഷം കേരളത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

റിതുവിന് ലഭിച്ച ഈ അംഗീകാരം ഇവിടുത്തെ മലയാളികള്‍ ആവേശപൂര്‍വ്വം ആണ് സ്വീകരിച്ചത്. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ വോക്കിംഗ് മലയാളി അസോസിയേഷനും റിതുവിനെ അനുമോദിക്കുകയും പുരസ്‌കാരം നല്‍കുകയുമുണ്ടായി. എം.പി. ജോനാഥന്‍ ലോര്‍ഡ്‌ ആണ് റിതുവിന് മൊമന്റോ സമ്മാനിച്ചത്. അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകരായ വര്‍ഗീസ്‌ ജോണ്‍, ആന്റണി എബ്രഹാം തുടങ്ങിയവര്‍ ഇതിന് നേതൃത്വം നല്‍കി.