ലണ്ടന്‍: മൈക്രോബീഡുകള്‍ അടങ്ങിയ കോസ്‌മെറ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം യുകെ നിരോധിച്ചു. പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായാണ് നിരോധനം. ലോകരാഷ്ട്രങ്ങള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ വരുത്തിയ നിയന്ത്രണങ്ങളില്‍ ഏറ്റവും ശക്തമായതെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഫേസ് സ്‌ക്രബുകള്‍, ഷവര്‍ ജെല്ലുകള്‍, ചില ടൂത്ത്‌പേസ്റ്റുകള്‍ എന്നിവയില്‍ ചേര്‍ക്കുന്ന വളരെ ചെറിയ പ്ലാസ്റ്റിക് തരികളാണ് മൈക്രോബീഡ്‌സ്. ശരീരത്തിന് പുറത്ത് ഉപയോഗിക്കുന്ന കോസ്‌മെറ്റിക് ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്നതിനാല്‍ മലിന ജലത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടമാണ് ഇത്.

സമുദ്രജലത്തില്‍ വളരെ പെട്ടെന്ന് എത്തിച്ചേരുന്ന ഈ മൈക്രോബീഡുകള്‍ കടലിന്റെ ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള കോടിക്കണക്കിന് പ്ലാസ്റ്റക് തരികള്‍ കടലില്‍ ഓരോ വര്‍ഷവും എത്തിച്ചേരുന്നത് നിയന്ത്രിക്കാന്‍ പുതിയ നിരോധനത്തിന് സാധിക്കുമെന്നാണ് കരുതുന്നത്. ഡിസ്‌പോസിബിള്‍ കോഫി കപ്പുകള്‍ക്ക് ലെവി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് പ്ലാസ്റ്റിക് നിരോധനത്തില്‍ വിപ്ലവാത്മകമായ തീരുമാനം എന്ന് വിശേഷിപ്പിക്കാവുന്ന മൈക്രോബീഡുകളുടെ നിരോധനം നടപ്പിലാകുന്നത്.

ഓരോ വര്‍ഷവും ബ്രിട്ടീഷുകാര്‍ എറിഞ്ഞു കളയുന്നത് 2.5 ബില്യന്‍ ഡിസ്‌പോസിബിള്‍ കപ്പുകളാണെന്നാണ് കോമണ്‍സ് കമ്മിറ്റി വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്നാണ് കപ്പുകള്‍ക്ക് 25 പെന്‍സ് നികുതി ഏര്‍പ്പെടുത്താന്‍ സമിതി നിര്‍ദേശിച്ചത്. മറ്റു വിധത്തിലുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് മേലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍വയണ്‍മെന്റ് മിനിസ്റ്റര്‍ തെരേസ കോഫി പറഞ്ഞു.