ബ്രിട്ടന്‍ പുതിയ ബഹിരാകാശ യുഗത്തിലേക്ക് പ്രവേശിക്കുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ സതര്‍ലാന്‍ഡില്‍ റോക്കറ്റ് വിക്ഷേപണ സൗകര്യം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 30 മില്യന്‍ പൗണ്ട് ഗവണ്‍മെന്റ് നിക്ഷേപിക്കും. ബഹിരാകാശ വ്യവസായത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് 4 ബില്യന്‍ പൗണ്ടിന്റെ ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പ്രത്യാശ പ്രകടിപ്പിച്ചു. ഏവിയേഷന്‍ പദ്ധതികളില്‍ 300 മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ഫാണ്‍ബോറോ എയര്‍ഷോയില്‍ വെച്ച് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

പരിസ്ഥിതി സൗഹൃദ എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിനുള്ള ഫണ്ടും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ എയറോസ്‌പേസ് കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനാണ് സതര്‍ലാന്‍ഡിലെ ഫെസിലിറ്റിയുടെ നിര്‍മാണച്ചുമതല. യുകെ സ്‌പേസ് ഏജന്‍സി ഇതിനായി 23.5 മില്യന്‍ പൗണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെ ഉപഗ്രഹങ്ങളും ബഹിരാകാശ യാനങ്ങളും വിക്ഷേപിക്കാനുള്ള വെര്‍ട്ടിക്കല്‍ ലോഞ്ചിംഗ് സൗകര്യമാണ് ഒരുക്കുന്നത്. ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനുള്ള ഗവേഷണ സൗകര്യങ്ങളും ഇവിടെയൊരുക്കും. ബ്രിട്ടന്റെ സ്വന്തം വിക്ഷേപണ വാഹനം തയ്യാറാക്കുന്നതിനായി ഓര്‍ബെക്‌സ് എന്ന ബ്രിട്ടീഷ് കമ്പനിക്കാണ് ചുമതല. 5.5 മില്യന്‍ പൗണ്ടാണ് ഇതിനായി നല്‍കുക.

യൂറോപ്യന്‍ യൂണിയന്റെ ഗലീലിയോ സാറ്റലൈറ്റ് സിസ്റ്റത്തില്‍ നിന്ന് ബ്രെക്‌സിറ്റോടെ ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ബ്രിട്ടന്‍ സ്വന്തം ബഹിരാകാശ സംരംഭത്തിന് തയ്യാറെടുക്കുന്നത്. ആദ്യ പടിയായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഓര്‍ബെക്‌സ് ഒരുക്കും. കോണ്‍വാള്‍, ഗ്ലാസ്‌ഗോ, പ്രെസ്റ്റ്വിക്ക്, സ്‌നോഡോണിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഹൊറിസോണ്ടല്‍ സ്‌പേസ്‌പോര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനായി 2 മില്യന്‍ പൗണ്ട് കൂടി അനുവദിച്ചേക്കുമെന്നും വിവരമുണ്ട്.