ലണ്ടന്‍: ബ്രിട്ടിഷ് സെക്യൂരിറ്റി സര്‍വീസ് കുട്ടികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ കേന്ദ്രങ്ങളിലും മയക്കുമരുന്ന് വ്യാപാരികള്‍ക്കിടയിലും വളര്‍ന്നു വരുന്ന അധോലോക സംഘങ്ങള്‍ക്കിടയിലും കുട്ടികളുടെ സാന്നിദ്ധ്യമുറപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്രിട്ടിഷ് പോലീസും ഇതര സെക്യൂരിറ്റി ഏജന്‍സികളും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ ഇത്തരത്തില്‍ ചാരവൃത്തിക്കായി നിയോഗിക്കുന്നത് അവരില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇത് ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് എടുക്കുകയെന്നതിനെക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

കുട്ടികള്‍ കൗമാര പ്രായത്തിലെത്തുമ്പോള്‍ കുറ്റകൃത്യങ്ങളിലേക്കും തീവ്രസ്വഭാവമുള്ള സംഘങ്ങളിലേക്കും ആകൃഷ്ടരാകാന്‍ ഇത്തരം ചാരവൃത്തികള്‍ കാരണമായേക്കാം. മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും ചെറിയ പ്രായം മുതല്‍ക്കെ ഇവരില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഒന്ന് മുതല്‍ നാല് മാസം വരെയാണ് ഒരു കുട്ടിയെ സെക്യൂരിറ്റി സര്‍വീസുകള്‍ ഇത്തരം ഇന്‍ഫര്‍മേഷന് വേണ്ടി ആശ്രയിക്കുന്നത്. കുട്ടികളെ മതിയായ സുരക്ഷയില്ലാതെ അണ്ടര്‍ കവര്‍ ഓപ്പറേഷന് ഉപയോഗിച്ചതായി വ്യക്തമാണെന്ന് ലെജിസേ്‌ലേഷന്‍ സ്‌ക്രൂട്ടിനി കമ്മറ്റി ചെയര്‍മാന്‍ ലോര്‍ഡ് ട്രെഫ്ഗാണ്‍ വ്യക്തമാക്കി.

ചാരവൃത്തികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ മാനസികനിലയിലും ശാരീരികക്ഷമതയിലും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായി ലോര്‍ഡ് ട്രെഫ്ഗാണ്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരം ജോലികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളെ ക്ഷേമത്തെക്കുറിച്ചുള്ള കമ്മറ്റിയുടെ ആകുലതകള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായി നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി സര്‍വീസ് പല ജുവനൈല്‍ നിയമങ്ങളും പാലിക്കാതെയാണ് കുട്ടികളെ ജോലിക്കായി നിയമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 16 മുതല്‍ പ്രായമുള്ളവരെ കൗമാരക്കാരായി കണക്കാക്കുമെങ്കിലും ഇത്തരം അപകടം നിറഞ്ഞ ജോലികളില്‍ സാധാരണയായി ഇവരെ ഉപയോഗിക്കാറില്ല.