ലണ്ടന്‍: യുകെയിലെ ഊര്‍ജ്ജ നിരക്കുകള്‍ കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2014 മുതല്‍ വര്‍ദ്ധിച്ച വേഗതയിലാണ് നിരക്കുകള്‍ ഉയരുന്നത്. ഉപഭോക്തൃ വെബ്‌സൈറ്റ് ആയ മണിസേവിംഗ്എക്‌സ്‌പെര്‍ട്ട് ഡോട്ട്‌കോം പുറത്തു വിട്ട വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ശരാശരി ഊര്‍ജ്ജ നിരക്കില്‍ 5.3 ശതമാനം വര്‍ദ്ധനവുണ്ടായി. 2014 ഫെബ്രുവരി മുതല്‍ കുത്തനെയുള്ള വര്‍ദ്ധനവാണ് ഉണ്ടായതെന്നാണ് വിശദീകരിക്കപ്പെടുന്നത്. വൈദ്യുതി നിരക്കില്‍ മാത്രം 9 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

യുകെയിലെ വന്‍കിട എനര്‍ജി കമ്പനികള്‍ ഈ വര്‍ഷം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗ്യാസിന്റെ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫില്‍ 12.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച നിലവില്‍ വന്ന ഈ വര്‍ദ്ധനവ് 3.1 ദശലക്ഷം ആളുകളെ ബാധിക്കും. ഓരോ വീടിനും ശരാശരി 235 പൗണ്ട് അധികം ചെലവ് വരുന്ന മാറ്റമാണ് ഇതെന്ന് മണിസൂപ്പര്‍മാര്‍ക്കറ്റ് പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ അഞ്ച് ലക്ഷം ഉപഭോക്താക്കളെങ്കിലും തങ്ങളുടെ സേവനദാതാക്കളെ മാറ്റിയിട്ടുണ്ടെന്നാണ് എനര്‍ജി യുകെ പറയുന്നത്.

ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായി നിരക്കുകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് ഓഫ്‌ജെമിന് കത്തയച്ചു. ഇതേത്തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. എനര്‍ജി നിരക്കുകള്‍ കുറയ്ക്കുമെന്നത് തെരേസ മേയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാല്‍ ഓഗസ്റ്റ് അവസാനത്തോട് ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിരുന്നു.