ലണ്ടന്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ അംഗത്വം ലഭിക്കുന്നതിന് ബ്രിട്ടന്‍ വഹിച്ച പങ്കിനെക്കുറിച്ച് വ്യക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നതായി റിപ്പോര്‍ട്ട്. സൗദി 47 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. സൗദി അറേബ്യയുടെ നടപടി വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ഇരുരാജ്യങ്ങളുടെയും അംഗത്വം ഉറപ്പാക്കാനായി ബ്രിട്ടന്‍ സൗദിയുമായി രഹസ്യമായി വോട്ട് കച്ചവടം നടത്തിയതായി കഴിഞ്ഞ വര്‍ഷം വിക്കീലീക്‌സ് പുറത്ത് വിട്ടു നയതന്ത്ര കേബിളുകള്‍ സൂചിപ്പിക്കുന്നു. 2013 നവംബറില്‍ നടന്ന വോട്ടെടുപ്പിലാണ് ഇത് സംബന്ധിച്ച ഇടപാടുകള്‍ നടന്നതെന്ന് ദ ആസ്‌ട്രേലിയന്‍ എന്ന പത്രവും റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ വാര്‍ത്തയോട് ബ്രിട്ടന്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് 47 അംഗ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇരുരാജ്യങ്ങളും ഇടം പിടിക്കുകയും ചെയ്തിരുന്നു.
സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കണ്ടില്ലെന്ന് നടിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഈയാഴ്ച പ്രമുഖ ഷിയ പുരോഹിതനായ നിമര്‍ അല്‍ നിമര്‍ അടക്കമുളളവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടും ബ്രിട്ടന്‍ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കണമെന്ന് രാജ്യത്തെ വിവിധ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുളളത്. സൗദി അറേബ്യയിലെ കൂട്ടക്കുരുതിയുടെ സാഹചര്യത്തില്‍ മനുഷ്യാവകാശ കൗണ്‍സിലിലെ സൗദി അംഗത്വം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് നതാലി ബെന്നറ്റ് പറയുന്നു.

വീക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കൂടാതെ സൗദിയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം പരിശോധിക്കാതെ ഇവരെ പിന്തുണച്ച ബ്രിട്ടീഷ് നടപടിയെക്കുറിച്ചും അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് പൊതുജനസമക്ഷം വയ്ക്കണമെന്നും അവര്‍ പറഞ്ഞു. സൗദി അറേബ്യയിലേക്കുളള ആയുധ കയറ്റുമതി ഉടനവസാനിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഏറെ ദുര്‍ബലമായ നയതന്ത്ര പ്രതികരണങ്ങള്‍ ശക്തമാക്കണം.

സൗദി അറേബ്യയെ മനുഷ്യാവകാശ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടന്‍ പിന്തുണച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താനുളള ശരിയായ സമയം ഇതാണെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ പറയുന്നു. സൗദിയെ പിന്തുണച്ചിട്ടുണ്ടെങ്കില്‍, അത് നാം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളോട് കാട്ടിയ അനാദരവാണെന്നും അദ്ദേഹം പറയുന്നു. നമ്മുടെ സഖ്യരാജ്യങ്ങളോട് ശക്തമായ നിലപാടുകള്‍ തന്നെ സ്വീകരിക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ പൊറുക്കാനാകില്ലെന്ന കാര്യം വ്യക്തമായി അറിയിക്കണം. സൗദിയെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് മനുഷ്യാവകാശത്തിന് ഉപരിയായി എന്തെങ്കിലും ലാഭം ഉണ്ടായിട്ടുണ്ടാകുമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സൗദിയില്‍ നടന്ന കൂട്ട വധശിക്ഷകള്‍ക്കെതിരെ രാജ്യാന്തര സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ബ്രിട്ടന്റെ ഭാഗത്ത് നിന്ന് നാമമാത്രമായ പ്രതികരണം മാത്രമാണ് ഉണ്ടായിട്ടുളളത്. ഏത് രാജ്യമായാലും വധശിക്ഷയെ തങ്ങള്‍ എല്ലാ സാഹചര്യത്തിലും എതിര്‍ക്കുന്നുവെന്നാണ് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുളളത്. മനുഷ്യവര്‍ഗത്തിന്റെ അന്തസിനെ ഹനിക്കുന്ന നടപടിയാണിത്. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ തടയാനാകുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും ബ്രിട്ടന്‍ പ്രതികരിച്ചു.