ലണ്ടന്‍: യുകെയില്‍ തുടരുന്ന വീട്, പ്രോപ്പര്‍ട്ടി വിലക്കയറ്റം 2018ല്‍ കുറയുമെന്ന് വിദഗ്ദ്ധര്‍. ബ്രെക്‌സിറ്റും ബ്രിട്ടനിലെ ഉയരുന്ന പലിശനിരക്കും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ കുതിപ്പിന് കടിഞ്ഞാണിടുമെന്നാണ് വിലയിരുത്തല്‍. 2017 ഒട്ടും ആശാവഹമല്ലാത്ത വര്‍ഷമെന്നായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. 2018ല്‍ കൂടിയ വിലയ്ക്ക് വീടുകളും വസ്തുക്കളും വില്‍ക്കാമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് അതിന് കഴിയാന്‍ ഇടയില്ലെന്നാണ് പ്രവചനം. അടുത്ത വര്‍ഷം പ്രോപ്പര്‍ട്ടി വിലകള്‍ സ്ഥിരമായി നില്‍ക്കാനാണ് സാധ്യത. വര്‍ദ്ധനയുണ്ടായാലും 1 ശതമാനത്തില്‍ കൂടുതല്‍ അതിനുള്ള സാധ്യതയും വിരളമാണ്.

കഴിഞ്ഞ ഒരു ദശകത്തിനിടെ 70 ശതമാനം വര്‍ദ്ധവാണ് ലണ്ടനിലെ പ്രോപ്പര്‍ട്ടി വിലയില്‍ ഉണ്ടായതെന്ന് സാവില്‍സ് എന്ന എസ്റ്റേറ്റ് ഏജന്‍സി വ്യക്തമാക്കുന്നു. തലസ്ഥാനത്തെ പ്രോപ്പര്‍ട്ടി വില ഇനി ഇടിയാനാണ് സാധ്യതയെന്നാണ് പുതിയ പ്രവചനം പറയുന്നത്. യുകെയിലെ ശരാശരി പ്രോപ്പര്‍ട്ടി വിലക്കയറ്റം ഇപ്പോള്‍ 1 ശതമാനം മാത്രമാണ്. അതായത് പ്രോപ്പര്‍ട്ടി വില യഥാര്‍ത്ഥത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018ല്‍ വില സ്ഥിരതയുണ്ടാകുമെന്ന് നേഷന്‍വൈഡും വ്യക്തമാക്കുന്നു.

എന്നാല്‍ 3 ശതമാനം വരെ വര്‍ദ്ധയ്ക്ക് സാധ്യതയുണ്ടെന്നാണ് ഹാലിഫാക്‌സ് വിലയിരുത്തുന്നത്. ദേശീയ തലത്തില്‍ പ്രോപ്പര്‍ട്ടി വില 1.3 ശതമാനം ഉയരുമെന്ന് ഹൗസിംഗ് മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ പ്രവചിക്കപ്പെടുന്നത് 0.3 ശതമാനം ഇടിവാണ്. എങ്കിലും വില്‍പ്പനയ്ക്കുള്ള വീടുകള്‍ കുറവാണെന്നതും വീടുകളുടെ നിര്‍മാണത്തിലുള്ള കുറവും മൂലം വില തീരെ കുറയാനുള്ള സാധ്യതയില്ലെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.