യുകെ ഹൗസ് പ്രൈസ് നിരക്കിലെ വളര്‍ച്ച അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. ഓഗസ്റ്റിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ പറയുന്നു. താരതമ്യേന മന്ദമായ ലണ്ടന്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റും മറ്റു പ്രദേശങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രോപ്പര്‍ട്ടി നിരക്കുകളും തമ്മിലുള്ള താരതമ്യമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓഗസ്റ്റില്‍ അവസാനിച്ച വര്‍ഷത്തില്‍ യുകെയിലെ ശരാശരി ഹൗസ് പ്രൈസ് 3.2 ശതമാനമാണ് വര്‍ദ്ധിച്ചത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ലാന്‍ഡ് രജിസ്ട്രി കണക്കുകള്‍ അനുസരിച്ച് ഇത് 232,797 പൗണ്ടായിട്ടുണ്ട്. 2013 ഓഗസ്റ്റിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

വാര്‍ഷികാടിസ്ഥാനത്തില്‍ പ്രോപ്പര്‍ട്ടി വില ഇടിഞ്ഞ ഏക പ്രദേശം ലണ്ടനാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാലയളവില്‍ 0.2 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ശരാശരി പ്രോപ്പര്‍ട്ടി വില 486,304 പൗണ്ടില്‍ നില്‍ക്കുന്ന ലണ്ടന്‍ തന്നെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രോപ്പര്‍ട്ടി വിലയുള്ള പ്രദേശം. ഹൗസ് പ്രൈസ് വളര്‍ച്ചയില്‍ കുറവുള്ള രണ്ടാമത്തെ പ്രദേശം ഈസ്റ്റ് ഇംഗ്ലണ്ടാണ്. 1.6 ശതമാനം മാത്രമായിരുന്നു ഒരു വര്‍ഷത്തിനിടെ ഇവിടെയുണ്ടായ വര്‍ദ്ധന. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി വില 292,107 പൗണ്ടാണെന്ന് വിലിയിരുത്തപ്പെടുന്നു.

വിലവര്‍ദ്ധനവില്‍ ഏറ്റവും മുന്നിലുള്ളത് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രദേശമാണ്. 6.5 ശതമാനം വളര്‍ച്ച നേടിയ ഇവിടത്തെ പ്രോപ്പര്‍ട്ടി വില 194,718 പൗണ്ടിലെത്തി നില്‍ക്കുന്നു. സാധാരണക്കാര്‍ക്ക് വീടുകള്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധത്തിലുള്ള വിലവര്‍ദ്ധനയായിരുന്നു അടുത്ത കാലത്ത് ലണ്ടനില്‍ രേഖപ്പെടുത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് വില വര്‍ദ്ധനവിന്റെ നിരക്കില്‍ അല്‍പമെങ്കിലും കുറവ് രേഖപ്പെടുത്തുന്നതെന്ന് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.