ജനുവരിയില്‍ യുകെയുടെ നാണ്യപ്പെരുപ്പ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ അനുസരിച്ച് ജനുവരിയിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 1.8 ശതമാനമാണ്. ഡിസംബറില്‍ ഇത് 2.1 ശതമാനമായിരുന്നു. ഉയര്‍ന്ന വിമാന യാത്രാ, ചരക്ക് നിരക്കുകള്‍ കാരണമായിരുന്നു ഡിസംബറില്‍ സിപിഐ നിരക്ക് ഉയര്‍ന്നു നിന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചതിലും ഏറെയായിരുന്നു ഈ നിരക്കെന്നാണ് റിപ്പോര്‍ട്ട്. 2017 നവംബറിലായിരുന്നു നാണ്യപ്പെരുപ്പ നിരക്ക് ഏറ്റവും ഉയരത്തിലെത്തിയത്. 3.1 ശതമാനമായിരുന്നു ഇത്. ഇതിനു മുമ്പ് 2017 ജനുവരിയില്‍ 1.8 ശതമാനം രേഖപ്പെടുത്തിയിരുന്നു.

ജനുവരിയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് അനുസരിച്ച് നാണ്യപ്പെരുപ്പം 2 ശതമാനമായി താഴുമെന്ന് സാമ്പത്തിക വിദ്ഗ്ദ്ധര്‍ പ്രവചിച്ചിരുന്നു. ഗ്യാസ്, ഇലക്ട്രിസിറ്റി, പെട്രോള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവു മൂലമാണ് നാണ്യപ്പെരുപ്പ നിരക്കില്‍ കുറവുണ്ടാകുന്നതെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ ഇന്‍ഫ്‌ളേഷന്‍ വിഭാഗം തലവന്‍ മൈക്ക് ഹാര്‍ഡി പറഞ്ഞു. ഫെറി ടിക്കറ്റ് നിരക്കുകളും വിമാന നിരക്കുകളും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വളരെ സാവധാനമാണ് കുറയുന്നതെങ്കിലും ഇത് സാധ്യമാകുന്നുണ്ട്. ജനുവരി 1 മുതല്‍ നിലവില്‍ വന്ന ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ് നാണ്യപ്പെരുപ്പം കുറയാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

എന്നാല്‍ ഈ പരിധി ഇപ്പോള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഭാവിയില്‍ സിപിഐ നിരക്കുകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിനും ജനുവരിക്കുമിടയില്‍ പെട്രോള്‍ വിലയില്‍ 2.1 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൂഡോയില്‍ വിലയില്‍ കുറവുണ്ടായതാണ് ഇതിന് കാരണം. ഹോട്ടല്‍, റെസ്‌റ്റോറന്റ് നിരക്കുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ വില തുടങ്ങിയവയും മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞതും നാണ്യപ്പെരുപ്പം കുറയാന്‍ കാരണമായിട്ടുണ്ട്.