ലണ്ടന്‍: ഭൂമിയിലെ ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗം ചെയ്യുന്ന രാജ്യമെന്ന അപഖ്യാതി ഇനി ബ്രിട്ടന് സ്വന്തം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ കര്‍ഷം നടന്ന പഠനത്തില്‍ സര്‍വ്വേഫലം നിര്‍ണയിച്ചിരിക്കുന്നത് ലക്ഷകണക്കിന് പേരില്‍ നിന്ന ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ള രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ളത്. ബ്രിട്ടനെ കൂടാതെ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.

വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യ-സാമ്പത്തിക ഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരങ്ങള്‍ക്ക് അതീതമായി മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാധാരണയായി ഇത്തരം അവസ്ഥകളെ രോഗമായി കണക്കാക്കാമെന്നാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. മദ്യപരില്‍ ഒരു ചെറിയ ശതമാനം മാത്രമേ അതിമദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരാണ് അതിമദ്യാസക്തിക്ക് അധീനരാകുന്നത്. യു.കെയിലും സമാനമാണ് കാര്യങ്ങള്‍. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. അതിമദ്യാസക്തരുടെ ഇടയില്‍ അവിവാഹിതരും വിഭാര്യന്‍മാരും ഒട്ടധികമുണ്ട്. ഭൂരിപക്ഷം അതിമദ്യാസക്തരും മധ്യവയസ്‌കരാണ്. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. വികസിതരാജ്യങ്ങളില്‍ അതിമദ്യാസക്തി വന്‍തോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്‌നമായി തീരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബജീവിതത്തില്‍ അതിമദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികള്‍ സ്ഥിതിവിവരക്കണക്കുകള്‍കൊണ്ടു മാത്രം വിവരിക്കാവുന്നതല്ല.

കൗമാര പ്രായക്കാര്‍ക്കിടയിലെ മദ്യപാനമാണ് ഏറ്റവും ആശങ്കജനകനായി മാറിയിരിക്കുന്ന മറ്റൊരു വസ്തുത. എന്‍.എച്ച്.എസ് നിര്‍ദേശങ്ങള്‍ പ്രകാരം മദ്യം ഉപയോഗിക്കുന്നതിന് സുരക്ഷിതമായ മാനദണ്ഡങ്ങളില്ല. കൂടാതെ 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം സ്ത്രീകള്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടുള്ളതമല്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ സ്ത്രീകളില്‍ വലിയൊരു ശതമാനം ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരല്ല. കഞ്ചാവ്, മാജിക് മഷ്‌റൂം, എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ ലഹരി വസ്തുക്കളും യു.കെയില്‍ സജീവമായി ഉപയോഗിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.