സീറോ മലങ്കര കത്തോലിക്കാ സഭയുടെ യു. കെ. റീജിയനിലുള്ള പതിനാറ്‌ മിഷനുകൾ ഒത്തുചേരുന്ന ഈ വർഷത്തെ വാൽസിങ്ഹാം മരിയൻ വാർഷിക തീർഥാടനവും , 89 മത് പുനരൈക്യ വാർഷികവും മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കബാവ നയിക്കും. സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചക്ക് 11ന് ലിറ്റിൽ വാൽസിങ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ പ്രാരംഭപ്രാർത്ഥനയോടെയും ധ്യാനചിന്തയോടെയും തീർത്ഥാടനത്തിന് തുടക്കം കുറിക്കും.
തുടർന്ന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ തീർത്ഥാടനപദയാത്രയിൽ യു. കെ റീജിയനിലെ മലങ്കര സഭയുടെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള എല്ലാ കുടുംബങ്ങളും പങ്കെടുക്കും.നൂറ്റാണ്ടുകളായി അനേകലക്ഷം തീർത്ഥാടകർ നഗ്നപാദരായി സഞ്ചരിക്കുന്ന ഹോളി മൈലിലൂടെ ജപമാലയും, മാതൃ ഗീതങ്ങളും, പുനരൈക്യ ഗാനങ്ങളും ആലപിച്ചു
മലങ്കരസഭാ മക്കൾ പ്രാർത്‌ഥനാപൂർവ്വം നടന്നു നീങ്ങും. വാൽസിംഗാമിലെ റോമൻ കാതോലിക് നാഷണൽ ഷ്റൈനിൽ എത്തിച്ചേരുന്ന തീർത്ഥാടനത്തെ വൈസ് റെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.
2 മണിക്ക് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവ മുഖ്യ കാർമ്മികനാവും.
യു.കെ റീജിയൻ കോർഡിനേറ്റർ ഫാ. തോമസ് മടുക്കമൂട്ടിൽ, ചാപ്ലെയിൻമാരായ ഫാ.രഞ്ജിത് മടത്തിറമ്പിൽ , ഫാ. ജോൺ അലക്‌സ്, ഫാ. ജോൺസൻ മനയിൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമ്മികരാകും.

പുനരൈക്യത്തിന്റെ 89മത് വാർഷികവേളയിൽ ഇത്രത്തോളം സഭയെ വഴിനടത്തിയ ദൈവകൃപക്ക് സഭാ തലവനോടൊപ്പം ചേർന്നു നന്ദി പറയാൻ അവസരം ലഭിക്കുന്ന സന്തോഷത്തിലാണ് യു.കെയിലെ മലങ്കര സഭ .

സഭയുടെ യു.കെ കോർഡിനേറ്റർ ഫാ.തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വതിലുള്ള വൈദികരും, നാഷണൽ കൗണ്സിൽ അംഗങ്ങളും മിഷൻ ഭാരവാഹികളും അടങ്ങുന്ന സംഘാടക സമിതിയുടെ നേത്യത്വത്തിൽ തീർത്ഥാടനത്തിനും പുനരൈക്യ വർഷികത്തിനുമുള്ള ഒരുക്കങ്ങൾ തീവ്രഗതിയിൽ പുരോഗമിക്കുന്നു.