ജയന്‍ ഇടപ്പാള്‍

മതേതരത്വം തകര്‍ക്കാനും വര്‍ഷങ്ങളായി നേടിയെടുത്ത നവോത്ഥന മൂല്യങ്ങള്‍ നശിപ്പിക്കാനും ശ്രേമിക്കുന്ന വര്‍ഗീയ മത തീവ്രവാദികളില്‍ നിന്നും ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും നാടായ കേരളത്തെ സംരക്ഷിക്കാന്‍ ബ്രിട്ടനിലേ പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും തയ്യാറാവണമെന്ന് സമീക്ഷ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു. നവോത്ഥന മൂല്യസംരക്ഷണത്തിന്റെ ആവശ്യകത പൊതു മനഃസാക്ഷിയെ ബോധ്യപെടുത്തുന്നതിനുവേണ്ടി ജനുവരി 1ന് കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ മഞ്ചേശ്വരം മുതല്‍ തെക്ക് പാറശ്ശാലവരെ നിര്‍മിക്കുന്ന ‘വനിത മതിലിന്റെ ‘ പ്രചരണാര്‍ത്ഥം ബ്രിട്ടനില്‍ ഇന്ത്യ ഹൗസിന് മുന്‍പില്‍ സമീക്ഷയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യന്‍ workers അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും മറ്റു പുരോഗമന സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഡിസംബര്‍ 30ന് ഉച്ചയ്ക്ക് ശേഷം 2മണിക്ക് ‘മനുഷ്യ മതില്‍’ നിര്‍മിക്കുവാന്‍ സമീക്ഷ ദേശീയ യോഗം തീരുമാനിച്ചു. ഇതിന്റെ പ്രചരണാര്‍ത്ഥം സമീക്ഷയുടെ ബ്രിട്ടനിലെ വിവിധ ബ്രാഞ്ചുകളില്‍ യോഗങ്ങള്‍ ചേരാനും പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും സമീക്ഷ ദേശീയ സമിതി ആവശ്യപ്പെട്ടു.

ദേശീയ സമിതി യോഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രസിഡന്റും യു.കെ ലേബര്‍ കൗണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന്‍ തെക്കേപ്പുര അധ്യക്ഷത വഹിച്ചു. വനിതാ മതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം സ്വപ്ന പ്രവീണ്‍ അവതരിപ്പിക്കുകയും ഇടതുപക്ഷത്തിന്റ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ‘നവോത്ഥന സദസുകള്‍ക്കു’ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയ പ്രമേയം ജയന്‍ എടപ്പാളും അവതരിപ്പിച്ചു.

ഡിസംബര്‍ 30ന് ബ്രിട്ടനില്‍ നടത്തുന്ന ‘മനുഷ്യ മതില്‍’ ക്യാംപെയ്ന്‍ പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനായി സ്വപ്ന പ്രവീണനെയും കണ്‍വീനര്‍ ആയി ദിനേശ് വെള്ളാപ്പിള്ളിയെയും തെരെഞ്ഞെടുത്തു.  പ്രചരണാര്‍ത്ഥം ലണ്ടനിലെ പ്രവര്‍ത്തനങ്ങള്‍ക്കു അബ്ദുള്‍ മജീദിനെയും സുഗതന്‍ തെക്കേപ്പുരയെയും സമീക്ഷ ദേശീയ സമിതി ചുമതലപ്പെടുത്തി. കൂടാതെ, മഹാപ്രളയ ദുരിത പ്രവര്‍ത്തനങ്ങളിലും നവ കേരളാ സൃഷ്ടി പ്രവര്‍ത്തനങ്ങളിലും സമീക്ഷ യു.കെയുടെ നേതൃത്വത്തില്‍ പങ്കെടുക്കുവാനും ആവശ്യമായ ധന സമാഹരണം നടുത്തുവാനും തീരുമാനിച്ചു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുവാനും പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും വേണ്ടി ഫെബ്രുവരി മാസം ദേശീയ സമിതിയുടേ വിപുലമായ യോഗം ചേരുവാനും ദേശീയ സമിതി തീരുമാനിച്ചു. കാലഘട്ടം ആവശ്യപ്പെടുന്ന പ്രതിഷേധവും പ്രതികരണങ്ങള്‍ക്കുമായി പൊതുരംഗത്ത് ഇറങ്ങുവാന്‍ എല്ലാ സമീക്ഷാ അംഗങ്ങളോടും ബ്രിട്ടനിലെ സാംസ്‌കാരിക പ്രവര്‍ത്തകരോടും സമീക്ഷ ദേശീയ സമിതി ആഹ്വാനം ചെയ്തു.