ബിനില്‍ പോള്‍

യുണൈറ്റഡ് റാഷണലിസ്റ്റ്‌സ് ഓഫ് യുണൈറ്റഡ് കിങ്ഡം (URUK) സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പരിപാടി ഇന്ന് വൈകുന്നേരം 7 മണിക്ക് ക്രോയിഡോണില്‍ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ നൂറുക്കണക്കിന് വേദികളില്‍ നടത്തിയ പ്രഭാഷണങ്ങളിലൂടെ പ്രശസ്തനായ ഡോ. സി. വിശ്വനാഥന്‍ ആണ് മലയാളികളോട് സംവദിക്കാന്‍ യുകെയില്‍ എത്തിയിരിക്കുന്നത്. ബോധവും പരിണാമവും എന്ന വിഷയമാണ് അദ്ദേഹം സംസാരിക്കുവാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ പരിപാടിയിലേക്ക് എല്ലാവരെയും URUK സ്വാഗതം ചെയ്യുന്നു.

മാനവരാശിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടം കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകള്‍ ആണ്. ആധുനിക ശാസ്ത്രത്തില്‍ ഊന്നിയുള്ള വൈജ്ഞാനിക വിപ്ലവം മനുഷ്യകുലത്തിന്റെ ജീവിത നിലവാരം മാറ്റി മറിക്കുക മാത്രമല്ല ചെയ്തത്, സഹസ്രാബ്ദങ്ങള്‍ ആയി മനുഷ്യകുലം വിശ്വസിച്ച് വന്നിരുന്ന പല വിഷയങ്ങളും ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിപ്പോള്‍, ഒരു പുതിയ ചിന്താധാര തന്നെ ഉടലെടുത്തു. കാലാകാലങ്ങളായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ പരീക്ഷണങ്ങളിലൂടെയും, തെളിവുകളുടെ സഹായത്തോടെയും ചവറ്റുകുട്ടയില്‍ തള്ളിയപ്പോള്‍ ഒരു പുതിയ നാഗരികതയാണ് പിറന്നത്. എന്നിരുന്നാലും, ഇന്നത്തെ പല ചിന്തകളിലും കാലഹരണപ്പെട്ട പല സങ്കല്‍പങ്ങളും കടന്നു കൂടാറുണ്ട്; അതിന് ഒരു ഉദാഹരണം ആണ് ബോധം.

ശാസ്ത്രത്തിന്റെ മേഖലയില്‍ വരുന്ന ഒരു കാര്യമല്ല, മറിച്ച് ആത്മീയതയുടെ ഒരു ഭാഗമായാണ് ബോധത്തെ പലരും കാണുന്നതും പ്രചരിപ്പിക്കുന്നതും. എന്നാല്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ അത്ഭുതകരമായ വളര്‍ച്ച കൈവരിച്ച ന്യൂറോസയന്‍സിന്റെ സഹായത്തോടെ, ബോധം എന്നത് ജീവശാസ്ത്രപരമായ ഒന്നായി കണ്ടെത്തിക്കഴിഞ്ഞു. ഈ മേഖലയില്‍ നടന്നിരുന്ന പുതിയ കണ്ടെത്തെലുകളെ കുറിച്ചുള്ള അറിവുകള്‍ പങ്ക് വയ്ക്കുക എന്ന ലക്ഷ്യമാണ് ഈ പ്രഭാഷണം കൊണ്ട് ഡോ. വിശ്വനാഥന്‍ ലക്ഷ്യമിടുന്നത്.

ബോധം എന്ന വാക്ക് നമ്മുക്ക് സുപരിചിതം ആണെങ്കിലും, അത് എന്ത് എന്ന് ചിന്തിച്ചിട്ടുള്ളവര്‍ ചുരുക്കം ആയിരിക്കും. പലവിധ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തികളുടെ മസ്തിഷ്‌കത്തില്‍ ബോധം എങ്ങനെ രൂപം കൊള്ളുന്നു? അതിന്റെ ശാസ്ത്രീയമായ വിശദീകരണം എന്താണ്? ശാസ്ത്രജ്ഞര്‍ എന്തുകൊണ്ട് ഇതിനെ ജീവശാസ്ത്രപരമായ ഒന്നാണ് എന്ന് ഉറപ്പിച്ചു പറയുന്നു? മറ്റു ജീവജാലങ്ങള്‍ക്കും ബോധം ഉണ്ടോ? ബോധത്തിന്റെ പരിണാമം സംഭവിച്ചത് എപ്രകാരമാണ്? ബോധത്തെ പറ്റിയുള്ള പഠനം കൊണ്ട് എന്താണ് ആത്യന്തകമായി ലക്ഷ്യമിടുന്നത്? അതില്‍ നിന്നുള്ള നേട്ടം എന്ത്? അങ്ങനെ നിരവധി ആയ സംശയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉള്ള ഒരു അവസരം ആണ് യുകെ മലയാളികള്‍ക്ക് കൈ വന്നിരിക്കുന്നത്.

വിദ്യാഭ്യാസപരമായി വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു സമൂഹമാണ് മാലയാളികളുടേതെങ്കിലും, കഴിഞ്ഞ മുന്നൂറു വര്‍ഷങ്ങളില്‍ നേടിയ ശാസ്ത്ര മുന്നേറ്റത്തെ അപകടത്തിലാക്കുന്ന വിധത്തിലുള്ള യുക്തിരഹിതമായ പ്രചരണം ഇപ്പോഴും നമ്മുടെ ഇടയില്‍ നടക്കുന്നുണ്ട്. തന്റെ പ്രഭാഷണങ്ങളിലൂടെ, സമൂഹത്തില്‍ നിലനില്‍ക്കുന്ന അശാസ്ത്രീയമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിരന്തരം ചോദ്യം ചെയ്യുന്ന ഒരു വ്യക്തി ആണ് ഡോ. വിശ്വനാഥന്‍. യുണൈറ്റഡ് റാഷണലിസ്റ്റ്‌സ് ഓഫ് യുണൈറ്റഡ് കിങ്ഡത്തിന്റെ ക്ഷണം സ്വീകരിച്ച് യുകെയില്‍ എത്തുന്ന അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു.