അഹമ്മദ് കുറ്റിപ്പാല

ലണ്ടന്‍ : ബ്രിട്ടണിലുള്ള മലയാളികള്‍ ഒത്ത് ചേര്‍ന്ന് മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി യുകെ ഘടകം രൂപീകരിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ രൂപീകരണവും പ്രഥമ സൗഹൃദ യോഗവും ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് വെംബ്ലിയിലെ ചല്‍ക്കില്‍ കമ്മൂണിറ്റി സെന്ററില്‍ വെച്ച് നടക്കുകയുണ്ടായി .  200 മൈല്‍ ദൂരത്ത്‌ നിന്ന് വരെ ആം ആദ്മികള്‍ ലണ്ടനിലെ യോഗത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരുന്നു

മുജീബ് ലണ്ടന്റെ അധ്യക്ഷതയില്‍ ഒത്തു കൂടിയ യുകെ മലയാളികളായ സാധാരണക്കാരുടെ യോഗം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ അയച്ച വീഡിയോ സന്ദേശ പ്രദര്‍ശനത്തോടെയായിരുന്നു ആരംഭിച്ചത് . ഇന്ന് എന്തുകൊണ്ട് ഇങ്ങനെയൊരു കൂട്ടായ്മയുടെ ആവശ്യകതയും പ്രസക്തിയും എന്നത് പ്രധാന വിഷയമായി ചര്‍ച്ച ചെയ്തു . ആം ആദ്മി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരാനുള്ള കാരണവും സാഹചര്യവും , പാര്‍ട്ടിയുടെ ആശയങ്ങളും , നയങ്ങളും , ലക്ഷ്യവും , നാം പ്രവാസികള്‍ എന്തുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെ അനുകൂലിക്കണമെന്നുമുള്ള അധ്യക്ഷന്റെ മിതമായ വാക്കുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥയെപ്പറ്റി പലരും മനസ്സ് തുറന്നു.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കൊണ്ട് തന്നെ ഡെല്‍ഹിയിലെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെട്ട് രാജ്യത്തിനാകെ മാതൃകാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയതിന്റെ പിന്നിലുള്ള രാഷ്ട്രീയ കാഴ്ചപ്പാടിനെയും , ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവിനെയും യോഗം വിലയിരുത്തി . അധികാര ദുരുപയോഗമില്ലാതെ പൊതുജന നന്മയുദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നിടത്തോളം കാലം ആം ആദ്മി പാര്‍ട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു . അതോടൊപ്പം കേരളത്തിലെ ആം ആദ്മി പാര്‍ട്ടി നേത്രുത്വം നടത്തുന്ന പോരാട്ടത്തിന് ഐക്യധാര്‍ട്യവും പ്രഖ്യാപിച്ചു.

കേരളത്തിലെ ആം ആദ്മി കണ്‍വീനര്‍ ശ്രീ സി ആര്‍ നീലകണ്ഠന്‍ യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന സന്ദേശം കാണുവാന്‍ ഈ വീഡിയോ ക്ലിക്ക് ചെയ്യുക

വെയില്‍സില്‍ നിന്നും , വിഞ്ചെസ്സ്റ്ററില്‍ നിന്നും , കോവന്ട്രിയില്‍ നിന്നും വരെ അനേക മൈലുകള്‍ താണ്ടി എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ സദസ്സിന് പ്രത്യേക ആവേശവും ഊര്‍ജ്ജവും പകര്‍ന്നു. ഓര്‍ഗനൈസറായി മുജീബ് ലണ്ടനെയും , ട്രഷററായി സക്കീര്‍ ക്രോയിഡനേയും ചുമതലപ്പെടുത്തി .  ഇപ്പോള്‍ സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ട് യുകെ മുഴുവനിലുമുള്ള പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഗ്രുപ്പുകളില്‍ കമന്റുകളും പോസ്റ്റുകളും പങ്ക് വെയ്ക്കുമ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യവും നയങ്ങളുമായി ബന്ധപ്പെട്ട ഫലപ്രദമായ പോസ്റ്റുകള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ചയുടെ ഭാഗമായി നടന്നു .

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ട് ഡോര്‍ റ്റു ഡോര്‍ ക്യാമ്പയിന് വേണ്ടി ഒരു സംഘത്തെ നാട്ടിലേയ്ക്ക് അയയ്ക്കാനും , പരമാവധി പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടെലിഫോണ്‍ ക്യാമ്പയിന്‍ നടത്തുവാനും , ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് വേണ്ടി പരമാവധി തുക സമാഹരിക്കുവാനും യോഗം തീരുമാനിച്ചു . ആം ആദ്മി പാര്‍ട്ടി യുകെ ഘടകത്തിന്റെ വരുംകാല പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധികം വൈകാതെ തന്നെ ഒരു കുടുംബ സംഗമം കൂടി സംഘടിപ്പിക്കണമെന്ന ശുഭവാര്‍ത്തയോടെയാണ് യോഗം അവസാനിച്ചത്.