ലണ്ടന്‍: നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ഐ.ടി കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ യു.കെയിലേക്ക് കൊണ്ടുവരുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മള്‍ട്ടി നാഷണല്‍ ഐടി കമ്പനികളാണ് ഇത്തരത്തില്‍ രാജ്യത്തെ ബോര്‍ഡര്‍ കണ്‍ട്രോള്‍ നിയമങ്ങളെ അട്ടിമറിക്കുന്നതെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ കോസ്റ്റ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ ജോലിക്കെത്തിക്കുന്നത് വഴി കമ്പനികള്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ രാജ്യത്തുള്ള ഐടി അനുബന്ധ പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയാനും ഇത് കാരണമാകും.

ഇന്ത്യയെപ്പോലുള്ള എഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കമ്പനികള്‍ ഏറ്റവും കൂടുതല്‍ ഐ.ടി പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നത്. യു.കെ പൗരന്മാര്‍ക്ക് നല്‍കുന്ന വേതനത്തിനേക്കാളും കൂറവ് മാത്രമെ ഇവര്‍ക്ക് നല്‍കേണ്ടതുള്ളു. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് യു.കെയിലേക്ക് നടക്കുന്ന കുടിയേറ്റത്തിന്റെ വലിയൊരു ശതമാനവും ഐടി മേഖലയിലേക്കാണ്. ഇന്‍ട്രാ-കമ്പനി ട്രാന്‍ഫര്‍ നിയമമാണ് ഇതിനായി മള്‍ട്ടി-നാഷണല്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത്. സര്‍ക്കാര്‍ അംഗീകൃതമായി തന്നെ ഒരു തൊഴിലാളിയുടെ വിസയും സ്‌പോണ്‍സര്‍ഷിപ്പും ഉള്‍പ്പെടെ കണ്ടെത്താന്‍ കമ്പനിക്ക് കഴിയും.

ഇന്‍ട്രാ-കമ്പനി ട്രാന്‍ഫര്‍ നിയമപ്രകാരം കമ്പനിയുടെ ആസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നത് നിയമവിധേയമാണ്. ഇത്തരം കമ്പനികള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലാണ്. നിയമത്തിന്റെ ഇത്തരം പഴുതുകള്‍ അടച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് വിദഗദ്ധര്‍ പുറത്തിറക്കി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഐടി, കമ്പ്യൂട്ടര്‍ അനുബന്ധ മേഖലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയാതെ വരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.