ലണ്ടന്‍: രാജ്യത്തെ മ്യൂസിയങ്ങളില്‍ ഇനി മുതല്‍ സന്ദര്‍ശകരില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കും. സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിക്കുറച്ചതിനത്തുടര്‍ന്നാണ് ഈ തീരുമാനം. ബ്രൈറ്റന്‍ മ്യൂസിയങ്ങളിലും യോര്‍ക്ക് ആര്‍ട്ട് ഗ്യാലറിയിലുമാണ് ഇപ്പോള്‍ പ്രവേശ ഫീസ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഇക്കൊല്ലം ഇത് കൂടുതല്‍ മ്യൂസിയങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ എട്ട് ശതമാനം മ്യൂസിയങ്ങളും ഇപ്പോള്‍ സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. ഇക്കൊല്ലം പന്ത്രണ്ട് ശതമാനം മ്യൂസിയങ്ങള്‍ കൂടി ഫീസ് ഈടാക്കുമെന്നാണ് സൂചന.
2010ന് ശേഷം രാജ്യത്ത് 44 മ്യൂസിയങ്ങള്‍ അടച്ചു. രാജ്യത്തെ കമ്മി പരിഗണിച്ചാണ് ഇത്. 2017ഓടെ 52 ശതമാനം ബജറ്റ് കുറയ്ക്കാനും ആലോചനയുണ്ട്. 2010 മുതല്‍ 2017 വരെ മൊത്തം 69 ശതമാനം സഹായം നിര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി. മ്യൂസിയങ്ങളിലെ വസ്തുക്കളില്‍ കുറവ് വരുത്തി സംഭരണ ചെലവ് കുറയ്ക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. മ്യൂസിയങ്ങളുടെ ഈ ദുരിതത്തില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വന്‍ തോതില്‍ മ്യൂസിയങ്ങള്‍ അടച്ചിടേണ്ടി വരുമെന്നാണ് ആശങ്ക.

വടക്കന്‍ അയര്‍ലന്റ്, വടക്കന്‍ ഇംഗ്ലണ്ട്, തുടങ്ങിയ മേഖലകളിലെ മ്യൂസിയങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് പോയ വര്‍ഷങ്ങളില്‍ അനുഭവിച്ചത്. പ്രാദേശിക മ്യൂസിയങ്ങളുടെ വരുമാനത്തിലും കുറവുണ്ടായി. പല മ്യൂസിയങ്ങളും തങ്ങളുടെ വസ്തുക്കള്‍ വിറ്റഴിക്കുന്നുമുണ്ട്. നോര്‍താംപ്ടണ്‍ ബറോ കൗണ്‍സില്‍ ഇവിടുത്തെ സെഖെംല പ്രതിമ 15.8 മില്യന്‍ പൗണ്ടിന് വിറ്റിരുന്നു.