ലണ്ടന്‍: യുകെ ആണവ സബ്മറൈന്‍ പ്രോഗ്രാമിന് 600 മില്യന്‍ പൗണ്ട് കൂടി അനുവദിച്ചു. പ്രധാനമന്ത്രി തെരേസ മേയാണ് പാര്‍ലമെന്റില്‍ ഈ പ്രഖ്യാപനം നടത്തിയത്. സാലിസ്ബറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്തിരിക്കുന്ന ശീതയുദ്ധ സമാനമായ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. ശീതയുദ്ധത്തിലുണ്ടായ ആയുധ മത്സരത്തിന്റെ പുതിയ പതിപ്പിനാണ് ഇതോടെ തെരേസ മേയ് തുടക്കമിട്ടിരിക്കുന്നത്. ഡിഫന്‍സ് മിനിസട്രിക്ക് അപ്രതീക്ഷിതമായാണ് ഈ ഫണ്ട് ലഭ്യമായിരിക്കുന്നത്.

ആണവ മിസൈല്‍ വാഹക ശേഷിയുള്ള സബ്മറൈനുകളുടെ വികസനം രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കുമെന്ന് പ്രഖ്യാപനത്തില്‍ മേയ് പറഞ്ഞു. ബ്രിട്ടീഷ് സൈനിക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കണമെന്ന് ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. റഷ്യയുമായി ഉടലെടുത്ത പുതിയ നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനിക ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് പ്രതിരോധ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരുന്നു.

ഡ്രെഡ്‌നോട്ട് സബ്മറൈന്‍ പദ്ധതിക്ക് 600 മില്യന്‍ പൗണ്ട് കൂടി അടുത്ത സാമ്പത്തികവര്‍ഷം ലഭിക്കുമെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് ക്വസ്റ്റ്യനിലാണ് മേയ് വെളിപ്പെടുത്തിയത്. ചാന്‍സലര്‍ ഇതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിലവിലുള്ള വാന്‍ഗാര്‍ഡ് ക്ലാസ് സബ്മറൈനുകള്‍ക്ക് പകരമാണ് ഡ്രെഡ്‌നോട്ട് ക്ലാസ് സബ്മറൈനുകള്‍ അവതരിപ്പിക്കാന്‍ റോയല്‍ നേവി തയ്യാറെടുക്കുന്നത്. ഫെബ്രുവരിയില്‍ അനുവദിച്ച 200 മില്യന്‍ പൗണ്ട് കൂടി ചേര്‍ത്താല്‍ സബമറൈന്‍ പദ്ധതിക്ക് മൊത്തം 800 മില്യന്‍ പൗണ്ട് ലഭിക്കും.